രാഷ്ട്രീയ നാടകങ്ങള്‍ തുടര്‍ക്കഥയായ മൂന്നാര്‍ പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 30ന് നടക്കും
ഇക്കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ 11 അംഗങ്ങളുടെ പിന്തുണയോടെ കോണ്‍ഗ്രസ്സാണ് അധികാരത്തില്‍ എത്തിയത്.ഇപ്പോള്‍ പുറത്തായ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ രണ്ട് അംഗങ്ങള്‍ മുമ്പ് കൂറുമാറി ഇടതുപാളയത്തിലെത്തിയതോടെ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. തുടര്‍ന്ന് 12 പേരുടെ പിന്തുണയോടെ എല്‍ ഡി എഫ് അധികാരത്തിലെത്തി.എന്നാല്‍ എല്‍ഡിഎഫില്‍ നിന്ന് ഒരു സി പി ഐ അംഗം കോണ്‍ഗ്രസ് പാളയത്തിലേക്ക് പോയതോടെ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലായി എല്‍ ഡി എഫ് ഭരണം. പിന്നീട് കോണ്‍ഗ്രസ് അവിശ്വാസപ്രമേയ നോട്ടീസ് നല്‍കി.
എന്നാല്‍ അവിശ്വാസ പ്രമേയത്തിന്‍മേല്‍ ചര്‍ച്ച തുടങ്ങുംമുൻപേ സിപിഎമ്മില്‍ നിന്ന് കൂറുമാറി കോണ്‍ഗ്രസിലെത്തിയ മറ്റൊരംഗം രാജി വച്ചതായി തപാലില്‍ കത്ത് ലഭിച്ചു.ഇതോടെ ഈ അംഗം അയോഗ്യനായി.പിന്നീട് ക്വാറം തികയാതെ വന്നതിനാല്‍ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്തില്ല.പിന്നീട് രാജിക്കത്തിലെ ഒപ്പ് വ്യാജമാണെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതിനെ തുടര്‍ന്ന് അയോഗ്യനായ അംഗത്തിന് അംഗത്വം തിരികെ ലഭിച്ചു.
ഇതോടെ ഭൂരിപക്ഷം ലഭിച്ച കോണ്‍ഗ്രസ് ആറ് മാസത്തിന് ശേഷം വീണ്ടും പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടു വന്നു.എന്നാല്‍ ഒരംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് ഭരണം പിടിക്കാനായില്ല.ഇതിന് പിന്നാലെയാണ് വൈസ് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് അവിശ്വാസം കൊണ്ടുവന്നതും വൈസ് പ്രസിഡന്റായിരുന്ന എം രാജേന്ദ്രന് സ്ഥാനം നഷ്ടമായതും.ഇതിന്റെ തുടര്‍ച്ചയായാണ് ഈ മാസം 30ന് പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്.