ഉപ്പുതറ പഞ്ചായത്തും സാമൂഹിക നീതി വകുപ്പും ചേർന്ന് 'പോഷൻ മാ' മാസാചരണ ആഘോഷം സംഘടിപ്പിച്ചു
ഉപ്പുതറ പഞ്ചായത്തും സാമൂഹിക നീതി വകുപ്പും ചേർന്ന് പോഷകാഹാര മാസാചരണം 'പോഷൻ മാ ' പരിപാടി സംഘടിപ്പിച്ചു. ഉപ്പുതറ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ ജെയിംസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് സരിത അധ്യക്ഷത വഹിച്ചു.നമ്മുടെ ചുറ്റുവട്ടത്ത് നിന്നും വിഷ രഹിതമായ ഗുണമേന്മയുള്ള ഭക്ഷണ പദാർത്ഥങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് പരിചയപ്പെടുത്താനാണ് ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടി സംഘടിപ്പിച്ചത്.
പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച റാലി ടൗൺ ചുറ്റി കമ്മ്യൂണിറ്റി ഹാൾ പരിസരത്ത് സമാപിച്ചു. പോഷക ആഹാര പ്രദർശനവും വിതരണവും സംഘടിപ്പിച്ചു. സാമൂഹിക നീതി വകുപ്പ് സൂപ്പർവൈസർ കെ.ജി സരിത മോൾ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി തോമസ്, പഞ്ചായത്ത് അംഗങ്ങളായ ജെയിംസ് തോക്കൊമ്പിൽ , എം.എൻ സന്തോഷ്, റ്റി. സലോമി, റ്റി സുബിന്ദു എന്നിവർ പ്രസംഗിച്ചു. അഗൻവാടി വർക്കർമാർ പരിപാടിക്ക് നേതൃത്വം നൽകി.