കരിന്തരുവി ശ്രീകൃഷ്ണ ഭദ്രാ ദേവീ ക്ഷേത്രത്തിൽ മോഷണം; സ്വർണവും പണവും കവർന്നു
ഉപ്പുതറ :കരിന്തരുവി ശ്രീകൃഷ്ണ ഭദ്രാ ദേവീ ക്ഷേത്രത്തിൽ മോഷണം നടന്നു. ഓഫീസിൽ നിന്ന് സ്വർണ്ണം പണവും കവർന്നു.കഴിഞ്ഞ ദിവസം രാത്രിയിലാണ് കവർച്ച നടന്നത്. ഓഫീസിലെ മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന ഒരു പവൻ തൂക്കമുളള മാല, നാല് താലി , പൊട്ട് തുടങ്ങിയ ഒന്നര പവൻ സ്വർണാഭരണങ്ങളും , നാലു കാണിക്ക വഞ്ചിയിലെ പണവും മോഷ്ടാക്കൾ കവർന്നു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. എല്ലാ മലയാള മാസവും ഒന്നാം തിയതിയാണ് ക്ഷേത്രത്തിൽ പൂജയുള്ളത്. അന്നു മാത്രമേ വിഗ്രഹത്തിൽ സ്വർണാഭരങ്ങൾ ചാർത്താറുള്ളു.
ഭണ്ഡാര കുടവും അന്നു മാത്രമേ ശ്രീകോവിലിന് മുന്നിൽ വയ്ക്കാറുള്ളു. ഇതിനു ശേഷം ഓഫീസിലാണ് സൂക്ഷിക്കുന്നത്. ഓഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ച് ശ്രീകോവിലുകൾ എല്ലാം തുറന്നിട്ടുണ്ട്. എന്നാൽ വിഗ്രഹമോ, മറ്റു പൂജാ സാമഗ്രികളോ കൊണ്ടുപോയിട്ടില്ല. താക്കോൽ പ്രധാനശ്രീകോവിലിന്റെ മുന്നിൽ ഉപേക്ഷിച്ചിട്ടുണ്ട്. സമീപ വാസികളാണ് ക്ഷേത്രത്തിന്റെ ഗേറ്റ് തുറന്നു കിടക്കുന്നത് കണ്ടത്. ഇതിനു ശേഷമാണ് മോഷണം നടന്നു എന്ന് വ്യക്തമായത്. വിവരമറിഞ്ഞ് ഉപ്പുതറ പോലീസ് സ്ഥലത്തെത്തി. ഇടുക്കിയിൽ നിന്നും ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ഉപ്പുതറ പോലീസ് അന്വേഷണം ആരംഭിച്ചു.