അയ്യപ്പൻകോവിൽ ചപ്പാത്തിനും, കുട്ടിക്കാനത്തിനുമിടയിൽ അപകടങ്ങൾ തുടർകഥയാകുന്നു
കട്ടപ്പന കുട്ടിക്കാനം സംസ്ഥാനപാത മലയോര ഹൈവേയായി നവീകരിച്ചതോടെ അയ്യപ്പൻകോവിൽ ചപ്പാത്തിനും, കുട്ടിക്കാനത്തിനുമിടയിൽ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. മഴ പെയ്യുന്നതോടെ റോഡിൽ നിന്നും വാഹനങ്ങൾ തെന്നിമാറുന്നതാണ് കൂടുതൽ അപകടങ്ങൾക്കും കാരണമാകുന്നത്.
മോട്ടോർ വാഹന വകുപ്പും പോലീസും പാതയിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്ന ആവശ്യമാണ് പ്രദേശവാസികൾ മുന്നോട്ടുവെക്കുന്നത്.ചപ്പാത്തിനു സമീപം ഇന്നു വൈകിട്ട് 5:30 തോടെ ബേക്കറി സാധനങ്ങളുമായി വന്ന ടെമ്പോ ട്രാവലർ റോഡിൽ നിന്നും നിയന്ത്രണം നഷ്ടമായി വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടത്തിൽപ്പെട്ടത്.
കുട്ടിക്കാനം ഭാഗത്തു നിന്നും വന്ന കട്ടപ്പനയിലെ ബേക്കറി സ്ഥാപനത്തിലെ വാഹനം പോസ്റ്റിൽ ഇടിച്ചതിനാൽ സമീപത്തെ തേയില ക്കാട്ടിലേക്ക് മറിഞ്ഞു, കൂടുതൽ അപകടം ഉണ്ടായില്ല. വാഹനത്തിൽ ഡ്രൈവറും ഹെൽപ്പറുമായിരുന്നു ഉണ്ടായിരുന്നത്. ഇവർക്ക് കാര്യമായ പരിക്കുകൾ ഇല്ല. ഇതുവഴി വന്ന വാഹന യാത്രക്കാർ ഇരുവരെയും ഉപ്പുതറ സർക്കാർ ആശുപത്രിയിൽ എത്തിച്ചു.
അപകടത്തിൽ വാഹനത്തിന് കാര്യമായി കേടുപാടുകൾ ഉണ്ടായി. ഒപ്പം ഇരുമ്പ് വൈദ്യതി പോസ്റ്റും തകർന്നു.ഇതോടെ മേഖലയിലെ വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. ഉപ്പുതറ പോലീസും വൈദ്യുതി വകുപ്പ് അധികൃതരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.