പോലീസ് സ്റ്റേഷന് മുമ്പിൽ നാല്പത്തിരണ്ടുകാരൻ്റെ ആത്മഹത്യ ശ്രമം; വിഷം കഴിച്ച കുമളി സ്വദേശി ആശുപത്രിയിൽ
ഇന്ന് രാവിലെ ഒൻപത് മണിയോട് കൂടിയാണ് കുമളി റോസാപൂക്കണ്ടം സ്വദേശി സുരേഷ്, കുമളി പോലിസ് സ്റ്റേഷന് മുമ്പിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കഞ്ചാവ് കച്ചവടം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ പോലീസ് സുരേഷിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് സുരേഷ് പേലീസ് സ്റ്റേഷന് മുമ്പിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ തന്നെ പോലീസ് ഉദ്യോഗസ്ഥർ സുരേഷിനെ കുമളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അപകടനില തരണം ചെയ്ത സുരേഷിനെ തുടർ ചികിൽസകൾക്കായി തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.കഞ്ചാവ് വിൽപ്പന, മോഷണം തുടങ്ങിയ കേസുകളിൽ പ്രതിയാണ് സുരേഷ് എന്ന് പോലീസ് പറഞ്ഞു.