പള്ളിവാസല്‍ എക്സ്റ്റൻഷൻ പദ്ധതി പൂര്‍ത്തിയാകുന്നു
പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതിയുടെ വിപുലീകരണ നിര്‍മാണം അവസാനഘട്ടത്തില്‍. പദ്ധതി ഭാഗമായുള്ള പെൻസ്റ്റോക് പൈപ്പ് സ്ഥാപിക്കുന്നത് പൂര്‍ത്തിയായി.പവര്‍ഹൗസിലെ രണ്ട് ജനറേറ്ററുകള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയായ ശേഷം ജനുവരിയില്‍ പദ്ധതി കമീഷൻ ചെയ്യാനാണ് വൈദ്യുതി വകുപ്പിന്‍റെ തീരുമാനം. പുതിയ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ 60 മെഗാവാട്ട് വൈദ്യുതി കൂടി ഉല്‍പാദിപ്പിക്കാൻ കഴിയും. നിലവില്‍ പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതിപ്രകാരം 37.5 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്. മാട്ടുപ്പെട്ടിയില്‍ വൈദ്യുതി ഉല്‍പാദനശേഷം പുറന്തള്ളുന്ന വെള്ളം പഴയ മൂന്നാര്‍ ഹെഡ് വര്‍ക്സ് ഡാമില്‍ തടഞ്ഞുനിര്‍ത്തി പള്ളിവാസലില്‍ എത്തിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. വൈദ്യുതി ഉല്‍പാദനത്തിനുശേഷം ഹെഡ് വര്‍ക്സ് ഡാമില്‍നിന്ന് പുറന്തള്ളുന്ന വെള്ളം ഉപയോഗിച്ച് 60 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനായി 2007 ജനുവരി 20നാണ് വിപുലീകരണ പദ്ധതി നിര്‍മാണം ആരംഭിച്ചത്.
175.86 കോടിയായിരുന്നു അടങ്കല്‍ തുക. എന്നാല്‍, വിവിധ കാരണങ്ങള്‍ മൂലം അടങ്കല്‍ തുക 430 കോടി വരെ ഉയര്‍ത്തിയിരുന്നു. പദ്ധതി കമീഷൻ ചെയ്യുമ്ബോള്‍ ഈ തുക വീണ്ടും ഉയരുമെന്നാണ് കരുതുന്നത്. വിപുലീകരണ പദ്ധതിയുടെ ഭാഗമായി മുതിരപ്പുഴയില്‍ പഴയ മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കിന് സമീപമാണ് ഇൻടേക്ക് വാല്‍വ് നിര്‍മിച്ചിരിക്കുന്നത്. ഇവിടെനിന്ന് ടണല്‍ വഴി വെള്ളം മീൻകെട്ടിലുള്ള വാല്‍വ് ഹൗസിലെത്തിക്കും.
ഇവിടെ നിന്നു വെള്ളം പെൻസ്റ്റോക് പൈപ്പുവഴി നിലവിലെ പവര്‍ഹൗസിനു സമീപം നിര്‍മിച്ച പുതിയ പവര്‍ ഹൗസിലെത്തിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതാണ് പദ്ധതി.