എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കുമെന്നത് സര്‍ക്കാര്‍ നയം : മന്ത്രി റോഷി അഗസ്റ്റിന്‍
ജലശുദ്ധീകരണശാലയുടെ നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കുന്നതിന് വേണ്ടിയുള്ള ജല ശുദ്ധീകരണ ശാലയുടെ നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ സംസ്ഥാനത്ത് 17 ലക്ഷം ഗ്രാമീണ ഭവനങ്ങളിലാണ് കുടിവെള്ളം എത്തിയിരുന്നത്. 70.85 ലക്ഷം കുടുംബങ്ങളിലും ശുദ്ധജലമെത്തിക്കുന്നതിനുള്ള ദൗത്യമാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍. കുടിവെള്ള പദ്ധതികള്‍ക്കായി ജില്ലയില്‍ 2757 കോടി രൂപയുടെ ഭരണാനുമതി നല്‍കി. ഇടുക്കി നിയോജക മണ്ഡലത്തില്‍ മാത്രം 715 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായും മന്ത്രി പറഞ്ഞു. ഡാമുകളില്‍ നിന്ന് വെള്ളമെടുത്ത് ശുദ്ധീകരിച്ച് എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന ബ്രഹത് പദ്ധതിക്കാണ് തുടക്കം കുറിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ പട്ടയ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് നിയമ ഭേദഗതി ബില്‍ അവതരിപ്പിച്ചത്. നിരന്തര ഇടപെടലുകളെ തുടര്‍ന്നാണ് നിയമ നിര്‍മ്മാണം സാധ്യമായത്. നിയമ ഭേദഗതി ബില്‍ ഏകകണ്ഠമായാണ് നിയമസഭയില്‍ പാസായത്. നിയമ നിര്‍മ്മാണത്തിലൂടെ 2023 വരെയുള്ള പട്ടയഭൂമിയിലെ എല്ലാ നിര്‍മിതികളും ഔദ്യോഗികമായി ക്രമവത്കരിക്കാന്‍ സാധിക്കുമെന്നും മന്ത്രി ചൂണ്ടികാട്ടി.
സര്‍ക്കാര്‍ നേഴ്‌സിംഗ് കോളേജ്, മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക്
ക്വാര്‍ട്ടേഴ്‌സ്, ഇറിഗേഷന്‍ ടൂറിസത്തിന്റെ ഭാഗമായി മ്യൂസിയം, ചരിത്ര മ്യൂസിയം, മള്‍ട്ടി പ്ലക്‌സ് തീയറ്റര്‍, കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റിംഗ് സെന്റര്‍ തുടങ്ങി നിരവധി പദ്ധതികളാണ് ജില്ലയില്‍ നടപ്പാക്കുന്നതെന്നും അടിസ്ഥാന വികസന രംഗത്ത് ജില്ല മുന്നേറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കി മെഡിക്കല്‍ കോളേജ് സീവേജ് സംവിധാനത്തിനായി 10 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.ചെറുതോണി ടൗണില്‍ സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു അധ്യക്ഷത വഹിച്ചു.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം വാഴത്തോപ്പ്, കഞ്ഞിക്കുഴി, മരിയാപുരം, കാമാക്ഷി, വാത്തിക്കുടി എന്നീ പഞ്ചായത്തുകളിലും വണ്ണപ്പുറം പഞ്ചായത്തിലെ ചില പ്രദേശങ്ങളിലെയും ഗ്രാമീണ ഭവനങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ കഴിയും. ഇതിനായി 35 എം.എല്‍.ഡി (ദശലക്ഷം ലിറ്റര്‍ ദിനേന) ശേഷിയുള്ള ജലശുദ്ധീകരണ ശാലയാണ് നിര്‍മ്മിക്കുന്നത്. 24.45 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിക്കുന്നത്.
ഇടുക്കി ജലാശയത്തില്‍ നിന്നും ഫ്‌ളോട്ടിംഗ് പമ്പ് ഹൗസ് ഉപയോഗിച്ച് 35 എംഎല്‍ഡി ജലം ശുദ്ധീകരണ ശാലയില്‍ എത്തിച്ച് ശുദ്ധീകരിച്ച് പഞ്ചായത്തുകളിലെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ടാങ്കുകളില്‍ എത്തിക്കും.
അവിടെ നിന്ന് വിവിധ വിതരണ ശൃംഖല വഴി ഭവനങ്ങളില്‍ കുടിവെള്ള കണക്ഷന്‍ നല്‍കി ശുദ്ധജലം വിതരണം ചെയ്യുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പരിപാടിയില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയ്, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചന്‍ തോമസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അനില്‍ കൂവപ്ലാക്കല്‍, പി.കെ ജയന്‍, സണ്ണി ഇല്ലിക്കല്‍, ജോസ് കുഴിക്കണ്ടം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയര്‍ സലിം പി കെ, സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ പ്രദീപ് വി.കെ ജനപ്രതിനിധികള്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.