കുമളി പഞ്ചായത്തിന്റെ വികസന പദ്ധതികൾക്കായി, മുറിച്ചു വിറ്റ തോട്ടം ഭൂമി വാങ്ങിയതിൽ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി സംസ്ഥാന ധനകാര്യ ഓഡിറ്റ് വിഭാഗം കണ്ടെത്തി
അഞ്ചരയേക്കര്‍ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് ഇരുപതിലധികം നിയമ ലംഘനങ്ങള്‍ക്കാണ് ഓഡിറ്റ് വിഭാഗം വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.എം.എം.ജെ പ്ലാൻറേഷൻറെ ചുരക്കുളം എസ്റ്റേറ്റിൽ നിന്നും അനധികൃതമായി മുറിച്ചു വിറ്റ അഞ്ചരയേക്കർ സ്ഥലമാണ് കുമളി പഞ്ചായത്ത് വാങ്ങിയത്. തോട്ടഭൂമിയാണെന്നറിഞ്ഞു കൊണ്ട് സ്ഥലം വാങ്ങാൻ പഞ്ചായത്ത് തീരുമാനിച്ചതാണ് പ്രധാന നിയമ ലംഘനം. 1963 ലെ ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് ഉടമകള്‍ മുറിച്ചു വിറ്റ ഭൂമി സര്‍ക്കാരിന്റെ അനുമതി കൂടാതെയാണ് വാങ്ങിയത്. നാല് ആവശ്യങ്ങള്‍ക്ക് ഭൂമി വാങ്ങുന്നതിന് ആദ്യം തീരുമാനമെടുത്ത ശേഷം ആറ് പദ്ധതികൾക്കായി മാറ്റിയതായും ഓഡിറ്റ് വിഭാഗം കണ്ടത്തി. പീരുമേട് തഹസില്‍ദാര്‍ സ്ഥലത്തിന് വില നിശ്ചയിച്ചത് സെന്റിന് ഒരു ലക്ഷത്തി പതിമൂവായിരം രൂപയായിരുന്നു. എന്നാല്‍ ഇതു മറികടന്ന് ഒരു ലക്ഷത്തി ഇരുപത്തിയെട്ടായിരം രൂപക്ക് വാങ്ങിയതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് പഞ്ചായത്തിനുണ്ടായത്.സ്ഥലത്തിൻറെ മുന്നാധാരവും നിജസ്ഥിതിയും വ്യക്തമായി പരിശോധിച്ചതിനു ശേഷമേ വാങ്ങാവൂയെന്ന് ഗവണ്മെന്റ് പ്ലീഡർ നിയമോപദേശം നൽകിയിരുന്നെങ്കിലും ഭരണ സമിതി ഇതവഗണിച്ചു.
ഇടുക്കി ജില്ലാ കളക്ടറില്‍ നിന്നും ഭൂമിയിൽ നിര്‍മാണ പ്രവര്‍ത്തനങ്ങൾ നടത്തുന്നതിന് തടസമില്ലെന്ന സാക്ഷ്യപത്രം കിട്ടുന്നതിനു മുമ്പേ സ്ഥലം വാങ്ങിയതായും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിനു മുമ്പുതന്നെ ഭൂമി വാങ്ങാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചത് ക്രമ വിരുദ്ധമാണെന്നും റിപ്പോർട്ടിലുണ്ട്.
ഭൂമി വാങ്ങൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് പ്രതിപക്ഷം.