വണ്ടിപ്പെരിയാർ വള്ളക്കടവിൽ അനധികൃതമായി പ്രവർത്തിച്ചു വന്നിരുന്ന അറവ് ശാലയ്ക്ക് പഞ്ചായത്ത് നോട്ടീസ് നൽകി
വണ്ടിപ്പെരിയാർ വള്ളക്കടവിൽ സ്വകാര്യ വ്യക്തിയുടെ അനധികൃതമായി പ്രവർത്തിച്ചു വന്നിരുന്ന അറവു ശാലയ്ക്കാണ് വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് നോട്ടിസ് നൽകിയത്. കഴിഞ്ഞ 2 വർഷക്കാലമായി വള്ളക്കടവിൽ അബ്ബാസ് എന്നയാളുടെ പുരയിടത്തോട് ചേർന്ന് പ്രവർത്തിച്ചു വന്നിരുന്ന അനധികൃത അറവുശാലയിലെ അറവു മാലിന്യങ്ങൾ ഉൾപ്പെടെ ജില്ലയിലെ തന്നെ പ്രധാന കുടിവെള്ള സ്രോതസ്സായ പെരിയാർ നദിയിലേക്ക് ഒഴുക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറവുശാലയുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നതിനായി പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ നോട്ടീസ് നൽകിയത്.
2 വർഷമായി പ്രവർത്തിച്ചു വന്നിരുന്ന അറവുശാലയിൽ നിന്നും അറവു മാലിന്യങ്ങൾ ഒന്നും തന്നെ പുറത്തേക്ക് ഒഴുക്കുന്നില്ലാ എന്ന് മുൻപ് ഉടമ പറഞ്ഞിരുന്നുവെങ്കിലും അടുത്ത കാലത്തായി അറവു മാലിന്യങ്ങൾ പെരിയാർ നദിയിലേക്ക് ഒഴുക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് പോലീസിലും തുടർന്ന് പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയതെന്ന് പ്രദേശവാസികൾ പറയുന്നു.
രാവിലെ 4 മണി മുതൽ 10 മണി വരെ അറവുശാലയുടെ പ്രവർത്തനം നടക്കുന്നതിനാൽ പ്രദേശവാസികളും ഇതുവഴി കടന്നുപോവുന്നയാളുകളും ദുർഗന്ധത്താൽ ബുദ്ധിമുട്ടിയിരുന്നു. അറവുശാലയ്ക്ക് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുണ്ടെന്ന് തെറ്റിധരിപ്പിച്ചാണ് ഇത്രയും കാലം അറവുശാല പ്രവർത്തിച്ചു വന്നിരുന്നതെന്നും നാട്ടുകാർ പറയുന്നു.
അറവു മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി 2 ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ നിറയുന്ന സമയം അറവു മാലിന്യങ്ങൾ പെരിയാർ നദിയിലേക്ക് ഒഴുക്കുകയും ചെയ്യുന്നതായും നാട്ടുകാർ പറയുന്നു. കൂടാതെ അറവുശാലയിൽ കശാപ്പ് ചെയ്യുന്ന കന്നുകാലികളുടെ രക്തവും ചാണകവും മൂത്രവും ഇവിടെ കെട്ടി കിടക്കുകയാണ് പതിവ്. ഇവ പടുത ഉപയോഗിച്ച് മൂടിയിടുകയാണ് പതിവ്. ആയതിനാൽ ദുർഗന്ധത്താൽ മൂക്ക് പൊത്തിക്കഴിയേണ്ട അവസ്ഥയാണ് പ്രദേശവാസികൾക്കുള്ളത്. ഉപജീവനമെന്ന നിലയിൽ ആരംഭിച്ച അറവുശാലയുടെ പ്രവർത്തനങ്ങൾ ഈ രീതികളിൽ നാട്ടുകാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതോടെയാണ് നാട്ടുകാർ അറവുശാലയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.അറവുശാലയുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുവാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസ് നൽകിയതോടെ പാരിസ്ഥിതിക മലീനീക രണം നടത്തുന്ന രീതിയിൽ പ്രവർത്തിക്കുന്ന അറവുശാല ഇനിയും പ്രവർത്തിച്ചാൽ തക്കതായ ശിക്ഷാ നടപടികൾ ഉടമ നേരിടേണ്ടിവരുമെന്നും പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.