വനം വകുപ്പിൻ്റെ കള്ളക്കേസിന് ഒരു വയസ്. സരുണിൻ്റെ നിയമ പോരാട്ടം തുടരുന്നു
ഉപ്പുതറ കണ്ണംപടിയിൽ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തിയിരുന്ന നിർധനനായ ആദിവാസി യുവാവിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസെടുത്ത് അറസ്റ്റു ചെയ്തിട്ട് ഇന്ന് ഒരു വർഷം . 13 പ്രതികളുള്ള കേസിൽ പ്രധാന പ്രതികളിലൊരാളായ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ഇനിയും അറസ്റ്റിലായില്ല .കാട്ടിനുള്ളിൽ നിന്ന് കാൽനടയായി കിലോമീറ്ററുകൾ താണ്ടി പഠിച്ച് ബിരുദം നേടുകയും പി.എസ്.സി.യുടെ മൂന്ന് പ്രാഥമിക റാങ്ക് ലിസ്റ്റിൽ വരെ എത്തുകയും ചെയ്ത യുവാവിന്റെ സ്വപ്നങ്ങളാണ് ഉദ്യോഗസ്ഥർ തച്ചുടച്ചത്. . എന്നാൽ വെല്ലുവിളികളെ ഏറ്റെടുത്ത സരുൺ സജിയുടെ പോരാട്ടം സമാനതകളില്ലാതെ തുടരുകയാണ്. 2022 സെപ്തംബർ 20 നാണ് കണ്ണംപടി മുല്ല ആദിവാസി കുടിയിലെ പുത്തൻപുരയ്ക്കൽ സരൂൺ സജിയെ കിഴുകാനം ഫോറസ്റ്റർ ബി. അനിൽ കുമാറും സംഘവും അറസ്റ്റു ചെയ്തത്. ദിവസങ്ങളോളം അഴിക്കുള്ളിൽ കിടന്ന സരുൺ ജാമ്യത്തിലിറങ്ങിയ ശേഷം നടത്തിയ പ്രതിഷേധവും, നിയമ പോരാട്ടവും സർക്കാർ സംവിധാനങ്ങളുടെ കണ്ണ് തുറപ്പിച്ചു. ഒടുവിൽ കുറ്റാരോപിതരായ 12 വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പോലീസിൽ കീഴടങ്ങേണ്ടിവന്നു. . എന്നാൽ കള്ളക്കേസിൽ അന്വേഷണം നടത്തിയ മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി രാഹുൽ ഇപ്പോഴും സർവീസിൽ തുടരുകയാണ്. മുൻകൂർ ജാമ്യം തള്ളിയിട്ടും , അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകുകയോ, പോലീസ് ഇയാളെ അറസ്റ്റു ചെയ്യുകയോ ഉണ്ടായില്ല. തുടക്കം മുതൽക്കേ വനം വകുപ്പ് ഉദ്യോഗസ്ഥരോട് പോലീസ് സൗമ്യമായ നിലപാടാണ് സ്വീകരിച്ചത്.
ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തി എന്നായിരുന്നു സരുണിന്റെ പേരിൽ വനം വകുപ്പ് ചുമത്തിയ കുറ്റം. ജീവിത മാർഗമായിരുന്ന ഓട്ടോ റിക്ഷയും ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എന്നാൽ, വനംവകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കിയാതെണെന്ന ആരോപണവുമായി ആദിവാസി സമൂഹം രംഗത്തെത്തി. സ്ഥലത്തില്ലാതിരുന്ന സരുണിനെ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് ഇവർ ആരോപിച്ചു. പിടിച്ചെടുത്ത ഇറച്ചി ഉദ്യോഗസ്ഥർ തന്നെ വച്ചതായിരുന്നുവെന്നും അവർ പറഞ്ഞു.കെട്ടിച്ചമച്ച കേസിന്റെ തുടക്കം മുതൽ ഉദ്യോഗസ്ഥർക്ക് സർവത്ര പിഴവുണ്ടായി.ഫോറസ്റ്റ് റേഞ്ചറാണ് മഹസറിൽ (ഒ.ആർ) ഒപ്പിടേണ്ടത് . വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയെങ്കിലും കള്ളക്കേസാണെന്ന് മനസിലായതോടെ അദ്ദേഹം ഒപ്പിട്ടില്ല.
പകരം ഫോറസ്റ്ററാണ് ഒപ്പിട്ടിരുന്നത്. സംഭവം നടക്കുമ്പോൾ സ്ഥലത്തില്ലാതിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസറെ വിളിച്ചു വരുത്തിയാണ് മഹസർ തയ്യാറാക്കിയത്. ഇതെല്ലാം സംശയത്തിന് ഇടയാക്കി. ആദിവാസി സംഘടനയുടെ പ്രസിഡന്റും, റിട്ട. പോലീസ് ഉദ്യോഗസ്ഥനുമായ എൻ.ആർ. മോഹനനാണ് ഇക്കാര്യം ആദ്യം ചൂണ്ടിക്കാട്ടിയത്. ഇത് കോടതിയിലും ഉന്നയിച്ചു. ഇതോടെ പത്താം ദിവസം സരുണിന് ജാമ്യം കിട്ടി. തുടർന്ന് സരുണും , കുടുംബവും കിഴുകാനം ഫോറസ്റ്റ് ഓഫീസിന് മുൻപിൽ നിരാഹാരം ആരംഭിച്ചു. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി.കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് . സമരസമിതി കൺവീനർ സോണറ്റ് രാജുവിന്റെ നേതൃത്വത്തിൽ സംയുക്ത ആദിവാസി സംരക്ഷണ സമിതിയും സരുണിനൊപ്പം കൂടി. മാധ്യമങ്ങളിലൂടെ സരുണിന്റെ സമരം പുറംലോകം അറിഞ്ഞു. ഒടുവിൽ ഉന്നതതല അന്വേഷണത്തിന് വനംവകുപ്പ് മന്ത്രി ഉത്തരവിട്ടു.
അന്വേഷണം നടത്തിയ ഫോറസ്റ്റ് കൺസർവേറ്റർ നീതു ലക്ഷ്മിയുടെ റിപ്പോർട്ട് പൂർണമായും വനം വകുപ്പ്ഉദ്യോഗസ്ഥർക്ക് എതിരായിരുന്നു.കേസ് കെട്ടിച്ചമച്ചതാണെന്നും, അറസ്റ്റ് രേഖപ്പെടുത്തിയ സമയം സരുൺ സജിയും , മഹസർ തയ്യാറാക്കിയ ഉദ്യോഗസ്ഥനും സ്ഥലത്തിലായിരുന്നു എന്ന ഗുരുതര കണ്ടെത്തലും റിപ്പോർട്ടിലുണ്ടായിരുന്നു. ഇതോടെ ഡി.എഫ്.ഒ.യും ഫോറസ്റ്റ് ഓഫീസറും ഉൾപ്പടെ ഒൻപത് പേരെ വനംവകുപ്പ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. അന്വേഷണ റിപ്പോർട്ട് ആധാരമാക്കി മനുഷ്യവകാശ-ഗോത്ര വർഗ്ഗ കമ്മിഷനുകൾക്ക് സരുൺ പരാതി നൽകി. കമ്മിഷനുകളുടെ ഇടപെടലോടെ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ പോലീസ് നിർബ്ബന്ധിതമായി. ഇതിനിടെ പിടിച്ചെടുത്തത് പശു ഇറച്ചിയാണെന്ന ശാസ്ത്രീയ പരിശോധന ഫലം വന്നു. ഇതോടെ സരുണിന്റെ പേരിലുള്ള കേസ് വനംവകുപ്പ് കോടതിയിൽ നിന്ന് പിൻവലിച്ചു. ഇതിനിടെ തങ്ങൾക്കെതിരെ പോലീസെടുത്ത പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള കേസ് റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചു. ഉന്നത കോടതിയിലെ നിയമ പോരാട്ടം നിർധനനായ സരുണിന് ചിന്തിക്കാൻ കഴിയുന്നതായിരുന്നില്ല. അവിടെയും മുൻ പോലീസ് ഉദ്യോഗസ്ഥൻ എൻ.ആർ .മോഹനന്റെ , സുഹൃത്ത് ഹൈക്കോടതി അഭിഭാഷകൻ കെ.എസ്.അരുൺ ദാസ് ലാഭേഛയില്ലാതെ നിയമ സഹായം നൽകി.
ജില്ലാ കോടതിയിൽ അഡ്വ. ജോബി ജോർജും സരുണിനു സൗജന്യ നിയമ സഹായം നൽകി.എന്നാൽ ഉദ്യോഗസ്ഥരുടെ അറസ്റ്റ് വൈകിക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സരുൺ മരത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. തുടർന്ന് 12 ഉദ്യോഗസ്ഥർ കീഴടങ്ങി. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ച വൈൽഡ് ലൈഫ് വാർഡൻ മാത്രമാണ് അറസ്റ്റിലാകാനുള്ളത്. നിരപരാധിയായ ഒരാൾക്കും ഇങ്ങനെയൊരു ദുരനുഭവം ഉണ്ടാകരുത്. കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കും ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് സരുൺ പോരാട്ടം തുടരുന്നത്.










