കമ്പം ആനക്കൊമ്പു കേസിൽ അന്വേഷണം ഊർജിതമാക്കി തമിഴ്നാട് വനം വകുപ്പ്. ആനക്കൊമ്പുമായി പിടിയിലായത് ഐ എൻ ടി യു സി നേതാവിൻ്റെ മകനും കൂട്ടാളിയും
ആനക്കൊമ്പുകളുമായി മലയാളിയടക്കം രണ്ടുപേര്‍ കമ്പത്ത് പിടിയിൽ . ഗൂഡല്ലൂര്‍ സ്വദേശി സുരേഷ്, കടശികടവ് സ്വദേശി മുകേഷ് കണ്ണന്‍ എന്നിവരാണ് സെന്‍ട്രല്‍ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്.മുകേഷ് കണ്ണന്‍ ജില്ലയിലെ മുതിര്‍ന്ന ഐ.എന്‍.ടി.യു.സി. നേതാവ് രാജാ മാട്ടുക്കാരൻ്റെ മകനാണ്.തേനി ജില്ലയിലേക്ക് വ്യാപകമായി ആനക്കൊമ്പ് കടത്തുന്നതുമായി ബന്ധപ്പെട്ട് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സെന്‍ട്രല്‍ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് സെന്‍ട്രല്‍ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ കമ്പം വെസ്റ്റ് ഫോറസ്റ്റ് വാര്‍ഡന്‍ സ്റ്റാലിനും വനംവകുപ്പ് ഉദ്യോഗസ്ഥരും ബുധനാഴ്ച രാത്രി കമ്പം- കുമളി റോഡിലെ അപ്പാച്ചെ ഫാം പരിസരത്ത് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
കര്‍ണാടക രജിസ്ട്രേഷനിലുള്ള ബൈക്കിലെത്തിയ പ്രതികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഇവരുടെ കൈവശമിരുന്ന ചാക്കുകള്‍ പരിശോധിച്ചതില്‍ നിന്നും മൂന്ന് ആനക്കൊമ്പുകള്‍ കണ്ടെത്തി. രണ്ടെണ്ണം വലുതും ഒരെണ്ണം ചെറുതുമാണ്. പ്രതികളെ കമ്പം ഈസ്റ്റ് ഫോറസ്റ്റ് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ആനക്കൊമ്പുകള്‍ വില്‍പനയ്ക്കായി കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നുയെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ആനക്കൊമ്പ് കച്ചവടത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും ആനക്കൊമ്പുകള്‍ ഇവര്‍ക്ക് എവിടെ നിന്നാണ് ലഭിച്ചതെന്നതടക്കമുള്ള കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു വരികയാണ്.