കിണറ്റിലെ വെള്ളത്തിന്റെ ഗുണനിലവാര പരിശോധന: സഞ്ചരിക്കുന്ന ലാബുമായി ഭൂജലവകുപ്പ്; സംസ്ഥാനതല ഉദ്ഘാടനം ഇടുക്കിയില്‍
സംസ്ഥാന വ്യാപകമായി കിണറുകളിലെ ജല ഗുണനിലവാരം പരിശോധിക്കുന്നതിന് പദ്ധതിയുമായി ഭൂജലവകുപ്പ്. കേരളത്തിലെ 14 ജില്ലകളില്‍ നിന്നും ജല ഗുണനിലവാര പ്രശ്‌നമുള്ള ഓരോ ബ്ലോക്ക് കണ്ടെത്തി അവിടെ നിന്നുള്ള കിണറുകളിലെ ജലം പരിശോധിക്കാനുള്ള പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച ഇടുക്കി മരിയാപുരം പഞ്ചായത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും.
ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്കുകളിലുള്ള കിണറുകളെ പ്രത്യേകമായി നമ്പര്‍ ചെയ്ത് അടയാളപ്പെടുത്തി ജലം പരിശോധിച്ചു ഗുണനിലവാരം കണ്ടെത്തുകയാണ് ആദ്യപടി. ഇപ്രകാരം ഉള്ള ഡാറ്റാ സമാഹാരണത്തിന് ശേഷം സംസ്ഥാനത്തെ മറ്റ് എല്ലാ ബ്ലോക്കുകളിലും ഈ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ഭൂജലവകുപ്പിന് നാഷണല്‍ ഹൈഡ്രോളജി പ്രോജക്ട് മുഖേനെ ലഭ്യമായിരിക്കുന്ന സഞ്ചരിക്കുന്ന ലബോറട്ടറി സൗകര്യം പ്രയോജനപ്പെടുത്തിയാണ് പദ്ധതി സൗജന്യമായി നടപ്പിലാക്കുന്നത്. ജല സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്ന ബ്ലോക്കുകളില്‍ ഒരു സ്‌ക്വയര്‍ കിലോമീറ്ററില്‍ ഒരു നിരീക്ഷണ കിണര്‍ എന്ന രീതിയിലാണ് കിണറുകളെ തെരഞ്ഞെടുത്തിരിക്കുന്നത്. ഈ പദ്ധതിയില്‍ പങ്കാളികളാകുവാനും തങ്ങളുടെ കിണറുകളിലെ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുവാനും ഉള്ള അവസരം പൊതുജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.