ഭൂ പതിവ് ഭേദഗതി ബില്ല് ഇന്ന് നിയമസഭ പാസ്സാക്കും
ഭൂ പതിവ് ഭേദഗതി ബില്ല് ഇന്ന് നിയമസഭ പാസ്സാക്കും. ഇടുക്കിയിലെ മലയോര മേഖലയിൽ അടക്കം കാലങ്ങളായി നിലനിൽക്കുന്ന ഭൂമി പ്രശ്നങ്ങൾക്ക് ഭേദഗതി വരുന്നതോടെ പരിഹാരം ആകുമെന്നാണ് അവകാശവാദം.പട്ടയ ഭൂമി എന്തിന് അനുവദിച്ചോ അതിന് തന്നെ വിനിയോഗിക്കണമെന്ന ഭൂപതിവ് നിയമത്തിലാണ് സര്‍ക്കാർ ഭേദഗതി വരുന്നത്. ഭൂമിയുടെ വിനിയോഗം ക്രമപ്പെടുത്താൻ സര്‍ക്കാരിന് അധികാരം നൽകുന്ന വിധത്തിൽ നിലവിലെ നിയമത്തിൽ ഭേദഗതി എഴുതി ചേര്‍ക്കും. ഇടുക്കി മലയോര മേഖലകളിലെ സാധാരണ കര്‍ഷകരുടെ അടക്കം കാലങ്ങളായി നിലനിൽക്കുന്ന ആവശ്യം പരിഗണിച്ചാണ് ഭേദഗതി ബില്ലെന്ന് വാദിക്കുന്ന സര്‍ക്കാർ , കക്ഷി രാഷ്ട്രീയ ഭേദമില്ലാത്ത പിന്തുണയും ഇക്കാര്യത്തിൽ അവകാശപ്പെടുന്നുണ്ട്. പ്രതിപക്ഷവും ഇക്കാര്യം ആവശ്യപ്പെടുന്നതാണ്.
സഭ പാസാക്കുന്ന ബില്ല് ഗവര്‍ണര്‍ ഒപ്പിടുന്നതോടെ നിയമമാകും. പട്ടയ ഭൂമിയിലുള്ള 1500 സ്ക്വയർ ഫീറ്റിൽ താഴെയുള്ള കെട്ടിടങ്ങൾ ഉപാധികളില്ലാതെയും അതിന് മുകളിലുള്ള കെട്ടിടങ്ങൾ ഉയര്‍ന്ന ഫീസ് വാങ്ങി ക്രമപ്പെടുത്താനും അടക്കമുള്ള നിര്‍ദ്ദേശങ്ങളും ചട്ടത്തിൽ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം