അയ്യപ്പൻകോവിൽ പഞ്ചായത്തിൽ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ട് കമ്പ്യൂട്ടറിൽ നിന്നും ഡിലീറ്റ് ചെയ്ത താൽക്കാലിക ഡേറ്റാ എൻട്രി ഓപ്പറേറ്റർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും
അയ്യപ്പൻകോവിൽ പഞ്ചായത്തിൽ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ട് കമ്പ്യൂട്ടറിൽ നിന്നും ഡിലീറ്റ് ചെയ്ത താൽക്കാലിക ഡേറ്റാ എൻട്രി ഓപ്പറേറ്റർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും .വിശദീകരണം സബ് കമ്മറ്റി പരിശോധിക്കും. തൃപ്തികരമല്ലങ്കിൽ ജീവനക്കാരിയെ പിരിച്ചു വിടും. ബുധനാഴ്ച ചേർന്ന അയ്യപ്പൻ കോവിൽ പഞ്ചായത്തു കമ്മറ്റിയുടേതാണ് തീരുമാനം.നഷ്ടമായ ഫണ്ട് കാരണക്കാരിയായ ജീവനക്കാരിയിൽ നിന്നും ഈടാക്കണമെന്ന് പ്രതിപക്ഷാംഗങ്ങൾ കമ്മറ്റിയിൽ ആവശ്യപ്പെട്ടു.. എന്നാൽ നഷ്ടമായ ഫണ്ട് വീണ്ടെടുക്കാനുള്ള ശ്രമം നടത്തുന്നുണ്ടന്നും ,ഇതു സാധ്യമായില്ലങ്കിൽ ഇക്കാര്യം പരിശോധിക്കുമെന്നും പ്രസിഡന്റ് ജയ്മോൾ ജോൺസൺ കമ്മറ്റിയെ അറിയിച്ചു. ശിശുവിഹാർ, അഞ്ചു വാർഡുകളിലെ കുടി വെള്ളം (കുഴൽ കിണർ ) തുടങ്ങിയ പദ്ധതികളുടെ 18.5 ലക്ഷം രൂപയാണ് ജീവനക്കാരിയുടെ അശ്രദ്ധ മൂലം പഞ്ചായത്തിന് നഷ്ടമായത്. 2022 - 23 വാർഷിക പദ്ധതിയിൽ അനുവദിച്ച ഫണ്ട് ടെൻഡർ ചെയ്തെങ്കിലും കഴിഞ്ഞ മാർച്ചിനു മുൻപ് പണി ചെയ്യാൻ കഴിഞ്ഞില്ല. തുടർന്ന് പഞ്ചായത്ത് ഭരണ സമിതിയുടെ അംഗീകാരത്തോടെ സ്പിൽ ഓവറിലേക്ക് മാറ്റാൻ എ.ഇ, ഡേറ്റാ എൻട്രി ഓപ്പറേറ്ററോട് ആവശ്യപ്പെട്ടു. കമ്പ്യൂട്ടറിൽ എൻട്രി ചെയ്യുന്നതിനിടെ പദ്ധതിയുടെ വിശദാംശങ്ങളും ഫണ്ടും ഡിലീറ്റാക്കുകയായിരുന്നു. അശ്രദ്ധ മൂലം ഉണ്ടായ പിഴവാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
നാലാം വാർഡിലെ കുഴൽ കിണർ നിർമിച്ച കരാറുകാരൻ ബില്ലു മാറാൻ എത്തിയപ്പോഴാണ് പദ്ധതിയുടെ വിശദാംശങ്ങളും , ഫണ്ടും ഡിലീറ്റായി പോയ വിവരം അധികൃതർ അറിയുന്നത്. മറ്റു പദ്ധതികൾ ടെൻഡർ ചെയ്ത് കരാറുകാരുമായി ഉടമ്പടി വയ്ക്കുകയും ചെയ്തിരുന്നു. വിവരം ശ്രദ്ധയിൽപ്പെട്ടിട്ടും രാഷ്ട്രീയ സമ്മർദ്ദം മൂലം നടപടിയെടുക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. മാധ്യമ വാർത്തയെ തുടർന്നാണ് അടിയന്തിരമായി പഞ്ചായത്തു കമ്മറ്റി ചേർന്ന് വിഷയം ചർച്ച ചെയ്തത്.