കുരുമുളക് വിലയിൽ കുതിപ്പ് ;വില 600 കടന്നു
ഒരുപതിറ്റാണ്ടിനു ശേഷമാണ് കുരുമുളക് വില 600 കടക്കുന്നത്. ഒരു മാസം മുമ്പ് 550 കടന്ന് മുന്നേറിയശേഷം നേരിയ തോതില്‍ താഴ്‌ന്ന കുരുമുളകു വില ഈ വര്‍ഷത്തെ റെക്കോഡും മറികടന്നു കുതിക്കുന്നു. മൂന്നുമാസം മുന്‍പ് കുരുമുളകിന് ഏറ്റവും ഉയര്‍ന്ന വില 570 രൂപയായിരുന്നു. ഇന്നത് 640 രൂപയിലെത്തി. രണ്ടാഴ്ചക്കുള്ളിൽ ഒരു കിലോ കുരുമുളകിന് 60 രൂപ മുതൽ 70 രൂപ വരെയാണ് വില ഉയർന്നത്. വിലയിലെ കുതിച്ചുചാട്ടം വരും ദിവസങ്ങളിലും തുടരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തായ്‌ലാന്‍ഡില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞതും ആഭ്യന്തര ഉപഭോഗത്തിനനുസരിച്ച് ഉത്‌പാദനം നടക്കാത്തതുമാണ് വില ഉയരാന്‍ കാരണമെന്നാണു വിലയിരുത്തല്‍. ഉപഭോഗത്തില്‍ വര്‍ധനവ് ഉണ്ടായപ്പോള്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു കേരളത്തിലെ ഉത്‌പാദനത്തില്‍ ഈ വര്‍ഷം 40 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് കരുതുന്നത്. കുരുമുളകിന്റെ വില വർദ്ധനവ് സാധാരണ കർഷകർക്ക് പ്രയോജനം ചെയ്യില്ല. സാധാരണക്കാരുടെ കൈവശമിരുന്ന കുരുമുളക് വിറ്റതിന് ശേഷമാണ് വില മുന്നോട്ട് കുതിക്കാൻ തുടങ്ങിയത്.
വില വർദ്ധനവിന്റെ ഗുണം വൻകിട കുത്തകകൾക്ക് മാത്രമെ ലഭിക്കു . ഉയർന്ന വില അടുത്ത വിളവെടുപ്പ് കാലം വരെ നിലനിൽക്കണമെന്നുമില്ല. വില കൂടുമ്പോൾ വിളവില്ലായ്മ എന്ന അവസ്ഥയാണ് ഈ വർഷവും.വൻകിട കുത്തകകൾ കുരുമുളക് വൻതോതിൽ സ്റ്റോക്ക് ചെയ്യുകയും കർഷകരുടെ കുരുമുളക് വിറ്റ് തീരുകയും ഇറക്കുമതി കുറയുന്ന അവസരം നോക്കി ലേലത്തിന് വെക്കുന്നതുമാണ് സീസണല്ലാത്ത സമയത്ത് വില ഉയരാൻ കാരണം. വില കുറഞ്ഞ കുരുമുളകായ വിയറ്റനാം ശ്രീലങ്ക കുരുമുളക് വിപണിയിൽ ഇല്ലാതായതും കുരുമുളകിന് നല്ല കാലം സമ്മാനിച്ചു. എന്നാൽ കർഷക്കിപ്പോഴും കഷ്ടകാലം തന്നെയാണ്.