വൈദ്യുതി വകുപ്പിന്റെ എതിർപ്പ് മൂലം അയ്യപ്പൻകോവിൽ മാട്ടുക്കട്ട വില്ലേജ് പടി - കിഴക്കേ മാട്ടുക്കട്ട റോഡ് പണിയാനാകുന്നില്ല
വൈദ്യുതി വകുപ്പിന്റെ എതിർപ്പ് മൂലം അയ്യപ്പൻകോവിൽ മാട്ടുക്കട്ട വില്ലേജ് പടി - കിഴക്കേ മാട്ടുക്കട്ട റോഡ് പണിയാനാകുന്നില്ല. ഇതു കാരണം അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ നാലാം വാർഡിലെ നൂറോളം കുടുംബങ്ങളാണ് യാത്രാ ദുരിതം നേരിടുന്നത്. ഇടുക്കി പദ്ധതിക്കു വേണ്ടിയുള്ള കുടിയിറക്കിലാണ് ഈ റോഡ് വൈദ്യൂതി വകുപ്പിന്റെ അധീനതയത്. ഭൂമി ഏറ്റെടുക്കുമ്പോൾ, കുടിവെള്ളം, റോഡ് എന്നിവക്കൊന്നും തടസമുണ്ടാകില്ലന്ന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ വൈദ്യൂതി വകുപ്പും ജില്ലാ ഭാരണകൂടവും ഇക്കാര്യം മറന്നെന്ന് നാട്ടുകാർ പറഞ്ഞു. പിന്നീട് റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള ഒരു നടപടിക്കും വൈദ്യതി വകുപ്പ് അനുമതി നൽകിയില്ലന്നും നാട്ടുകാർ ആരോപിച്ചു. അണക്കെട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ റോഡിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാകും. ഈ സമയം മുളം ചങ്ങാടമാണ് നാട്ടുകാരുടെ ആശ്രയം. മഴ പെയ്താൽ റോഡിൽ പലയിടങ്ങളും വെള്ളക്കെട്ടാകും. വേനലായാൽ പൊടിപടലവും . ഇതെല്ലാം സഹിച്ചാണ് സ്കൂൾ കുട്ടികൾ അടക്കമുള്ളവർ ഇതു വഴി യാത്ര ചെയ്യുന്നത്. വർഷങ്ങൾക്ക് മുൻപ് റോഡിൽ വൈദ്യുതി വകുപ്പ് നിർമിച്ച കലുങ്കിന്റെ ഒരു ഭാഗത്തെ സംരക്ഷണഭിത്തി 2018 ൽ ഇടിഞ്ഞിരുന്നു. ഇവിടുത്തെ അപകടാവസ്ഥ പരിഹരിക്കാൻ ഇതുവരെ തയ്യാറായില്ല. അറ്റകുറ്റ പണി നടത്താനുള്ള പഞ്ചായത്തിന്റെ ശ്രമങ്ങളും തടഞ്ഞു. ഇപ്പോൾ ഇതു വഴി ചെറിയ വാഹനങ്ങൾ മാത്രമേ കടന്നു പോകുകയുള്ളു.
ഏതാവശ്യത്തിനും പുറം ലോകത്തെത്താൻ ഈ പാതയല്ലാതെ നാട്ടുകാർക്ക് മറ്റു മാർഗമില്ല. ജലാശയത്തിന് എതിർ ഭാഗം കാഞ്ചിയാർ പഞ്ചായത്താണ് . സമാന സ്വഭാവമുള്ള അവിടെ റോഡ് നിർമിക്കാനും , അറ്റകുറ്റ പണികൾ നടത്താനും വൈദ്യുതി വകുപ്പ് അനുമതി നൽകി. ഇക്കാര്യം ഉദാഹരണ സഹിതം പഞ്ചായത്ത് അധികൃതർ പല തവണ ബന്ധപ്പെട്ടിട്ടും അനുമതി നൽകാൻ തയ്യാറായില്ല. ജില്ലാ ഭരണകൂടവും വേണ്ടത്ര ഇടപെടൽ നടത്തുന്നില്ല. ഒരു വർഷം മുൻപ് പീരുമേട് എം എൽ എ യുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. റോഡ് സഞ്ചാര യോഗ്യമാക്കി യാത്രാ ദുരിതം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.