പശുവിനെ കടുവ കൊന്നതിന് പ്രതികാരം : രണ്ട് കടുവകളെ വിഷം വച്ചു കൊന്നതിന് കർഷകൻ അറസ്റ്റിൽ
രണ്ട് കടുവകളെ വിഷം വച്ചു കൊന്നതിന് കർഷകൻ അറസ്റ്റിൽ. ശേഖർ എന്നയാളാണ് അറസ്റ്റിലായത് . തമിഴ്നാട്ടിലെ നീലഗിരിയിലാണ് സംഭവം. കന്ദയിൽ രണ്ട് കടുവകളെ ചത്ത നിലയിൽ കണ്ടെത്തിയതോടെയാണ് വനം വകുപ്പ് അന്വേഷണം തുടങ്ങിയത്. കടുവയുടെ ജഡം കിടന്ന അവലാഞ്ചി എന്ന സ്ഥലത്തിന് സമീപം പശുവിനെയും ചത്തനിലയിൽ കണ്ടെത്തിയിരുന്നു. സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചപ്പോൾ കടുവകളുടെ ശരീരത്തിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശേഖരനെ പിടികൂടിയത്.
എമറാൾഡ് ഗ്രാമത്തിൽ താമസിക്കുന്ന ശേഖറിന്റെ പശുവിനെ പത്തു ദിവസം മുമ്പാണ് കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിൽ പശുവിന്റെ ജഡം കണ്ടെത്തി. ഏതോ വന്യമൃഗം പശുവിനെ കടിച്ചു കൊല്ലുകയായിരുന്നു എന്ന് മനസ്സിലാക്കിയ ശേഖർ പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. പശുവിനെ കൊന്ന മൃഗം അതിനെ ഭക്ഷിക്കാൻ വീണ്ടും വരുമെന്ന ധാരണയിൽ പശുവിന്റെ ജഡത്തിൽ ശേഖർ കീടനാശിനി പ്രയോഗിച്ചു. ഇതോടെ രണ്ട് പെൺ കടുവകളാണ് ചത്തത്.
ശേഖറിന്റെ പശുവിനെ കാണാതായ സംഭവം പ്രദേശവാസികളാണ് വനം വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. തുടർന്ന് ശേഖരനെ ചോദ്യം ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചു. നീലഗിരി ഫോറസ്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥർ തിങ്കളാഴ്ച രാത്രിയാണ് ശേഖരനെ അറസ്റ്റ് ചെയ്തത്. നീലഗിരിയിൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ മാത്രം 6 കടുവകളാണ് ചത്തത്.