തൊടുപുഴ നഗരത്തില്‍ വീണ്ടും ചൂതാട്ട കേന്ദ്രങ്ങള്‍ സജീവം. 18 പേർ അറസ്റ്റിൽ
തൊടുപുഴ നഗരത്തില്‍ വീണ്ടും ചൂതാട്ട കേന്ദ്രങ്ങള്‍ സജീവം.നഗരത്തിലെ രണ്ടു കേന്ദ്രങ്ങളില്‍ നിന്നായി അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ 18 പേരെയാണ് തൊടുപുഴ പോലീസ് പിടികൂടിയത്. രഹസ്യ വിരം ലഭിച്ചതിനെ തുടര്‍ന്ന് തൊടുപുഴ എസ്എച്ച്ഒ സുമേഷ് സുധാകരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനു സമീപം മുറി വാടകയ്‌ക്കെടുത്തു നടത്തിയ ചീട്ടുകളി കേന്ദ്രത്തില്‍ നിന്നും ഏഴു പേരെ പിടികൂടി. ഇവരില്‍ നിന്നും ഒരു ലക്ഷത്തോളം രൂപയും പിടിച്ചെടുത്തു. പല സ്ഥലങ്ങളില്‍ മാറി മാറി മുറി വാടകയ്‌ക്കെടുത്തു ചൂതാട്ടം നടത്തി വന്നിരുന്ന സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.തൊടുപുഴ ചാഴികാട്ട് ആശുപത്രി റോഡിന്റെ പ്രവേശനകവാടത്തില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും അരലക്ഷത്തോളം രൂപയുമായി 11 പേരെയും പിടികൂടി. കോതമംഗലം ഉള്‍പ്പെടെ വിദൂരസ്ഥലങ്ങളില്‍ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെയെത്തി ചീട്ടു കളിച്ചിരുന്നത്. ഏതാനും മാസം മുമ്പും തൊടുപുഴ പോലീസ് ഇതിനു സമീപത്ത് അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന ചൂതാട്ട കേന്ദ്രത്തില്‍ പരിശോധന നടത്തിയിരുന്നു.