നിലയ്ക്കലില്‍ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കും; മന്ത്രി ഷിബു ബേബി ജോണ്‍
ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കലില്‍ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കുമെന്ന് വനം - വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍. സോളാര്‍ പവര്‍ ഉപയോഗപ്പെടുത്തിയാവും മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സൗകര്യം പ്രവര്‍ത്തിക്കുകയെന്നും നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് ദിവസം മുഴുവന്‍ ഇലക്ട്രിക് ബസ് സൗകര്യമൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു. അഴുതക്കടവിലെ പരമ്പരാഗത കാനന പാതയിലൂടെ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വനം വകുപ്പ് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇലക്ട്രിക് ബസുകള്‍ സര്‍വ്വീസ് നടത്തുന്നതിലൂടെ പരിസ്ഥിതി സൗഹൃദം ഉറപ്പാക്കാന്‍ സാധിക്കും. ഹരിതോര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗിച്ചും വന സംരക്ഷണം ഉറപ്പാക്കിയും ശബരിമല തീര്‍ത്ഥാടകര്‍ക്കായി കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. തീര്‍ത്ഥാടകര്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് പൂര്‍ണ്ണമായി ഒഴിവാക്കാന്‍ ശബരിമലയില്‍ തിരുപ്പതി മോഡല്‍ പരീക്ഷിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ച് വരികയാണ്. പ്രകൃതിദത്തമായി നശിക്കുന്ന ബാഗുകളിലേക്കും മറ്റ് ബദല്‍ ഉത്പ്പന്നങ്ങളിലേയ്ക്കും മാറുന്നതിലൂടെ പരിസ്ഥിതി സംരക്ഷണവും വന്യജീവി സംരക്ഷണവും ഉറപ്പാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ശബരിമലയില്‍ സീസണ്‍ അടുത്തെത്തുമ്പോള്‍ മാത്രം താത്കാലിക സൗകര്യമൊരുക്കി തീര്‍ത്ഥാടനം സുഗമമാക്കുന്ന രീതി അവസാനിപ്പിക്കും. പകരം തീര്‍ത്ഥാടകര്‍ക്കായി സ്ഥിരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അതിനായി മണ്ഡല - മകരവിളക്ക് കാലം കഴിഞ്ഞാലുടന്‍ സര്‍ക്കാര്‍ വിവിധ വകുപ്പുകളുടെ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു. അഴുതക്കടവിലൂടെ എത്തിയ തീര്‍ത്ഥാടകരോട് കാനനപാതയിലൂടെയുള്ള സഞ്ചാരത്തെയും സൗകര്യത്തെയും കുറിച്ചും മന്ത്രി ചോദിച്ചറിഞ്ഞു. എം.ജെ സെബാസ്റ്റ്യന്‍ എം.എല്‍.എ, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് ഡയറക്റ്റര്‍ പി.പി പ്രമോദ്, ചീഫ് കണ്‍സര്‍വേറ്റര്‍ ഡി.കെ വിനോദ് കുമാര്‍, ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.



