ലോക പ്രമേഹ ദിനം: ബോധവല്‍ക്കരണ വാക്കത്തോണും പോഷകാഹാര പ്രദര്‍ശനവും സംഘടിപ്പിച്ചു
ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതലത്തില്‍ വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ അടിമാലിയില്‍ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം ഇടുക്കി, അടിമാലി താലൂക്ക് ആശുപത്രി, എസ്.എന്‍.ഡി.പി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അടിമാലി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി, കൃത്യമായ ആരോഗ്യപരിശോധന, ജീവിതശൈലിയില്‍ ആവശ്യമായ മാറ്റങ്ങള്‍ എന്നിവയിലൂടെ പ്രമേഹത്തെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും കഴിയുമെന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതായിരുന്നു ദിനാചരണത്തിന്റെ ലക്ഷ്യം.
പ്രമേഹ പ്രതിരോധത്തില്‍ വ്യായാമത്തിന്റെ പ്രാധാന്യം , നേരത്തെയുള്ള രോഗ നിര്‍ണയത്തിന്റെയും ആരോഗ്യകരമായ ജീവിത ശൈലിയുടെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ എസ്.എന്‍.ഡി.പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.പി.സി, ജെ.ആര്‍.സി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ബോധവല്‍ക്കരണ വാക്കത്തോണ്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.എസ് അജി ഫ്ലാഗ് ഓഫ് ചെയ്തു.
അടിമാലി താലൂക്ക് ആശുപത്രിയിലെ എന്‍.സി.ഡി. യൂണിറ്റിന്റെ നേതൃത്വത്തില്‍ പോഷകാഹാര പ്രദര്‍ശനവും നടന്നു. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, സമീകൃതാഹാരം, ജീവിതശൈലീ രോഗങ്ങള്‍ തടയുന്നതില്‍ പോഷകാഹാരത്തിന്റെ പ്രാധാന്യം എന്നിവ സംബന്ധിച്ചായിരുന്നു പ്രദര്‍ശനം.
അടിമാലി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാക്സിന്‍ ആന്റണി അധ്യക്ഷത വഹിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ബിജു മുഖ്യാതിഥിയായി. അടിമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അജി പി.എന്‍, എന്‍.സി.ഡി മെഡിക്കല്‍ ഓഫീസര്‍ ഡോ. മേരി അഗസ്റ്റിന്‍, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ വി.ആര്‍ ഷൈലാ ഭായി, ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിജു തോമസ്, ആരോഗ്യകേരളം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ജിജില്‍ മാത്യു, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ജോജി ജോസഫ്, അടിമാലി താലൂക്ക് ആശുപത്രി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രതീഷ് സി.ടി. എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.



