വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു, അപകട ഭീതിയിൽ കുടുംബം

ഉപ്പുതറ: കനത്ത മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി ഇടിയുകയും ഭിത്തിയിൽ വിള്ളലുണ്ടാവുകയും ചെയ്തതിനെ തുടർന്ന് അപകട ഭീതിയിൽ കുടുംബം.ഉപ്പുതറ പത്തേക്കർ കുന്നേൽ ഷിജു തമ്പിയുടെ വീടാണ് അപകട ഭീഷണിയിൽ നില്ക്കുന്നത്.ഓട്ടോ റിക്ഷാ തൊഴിലാളിയായ ഷിജുവും ഭാര്യയും ജോലിക്കായി വീട്ടിൽ നിന്ന് പോവുകയും കുട്ടികളായ അയന, അലൻ എന്നിവർ സ്കൂളിൽ പോവുകയും ചെയ്തു.അലൻ സ്കൂൾ വിട്ട് വീട്ടിൽ എത്തിയപ്പോഴാണ് മുറ്റത്തിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണത് ശ്രദ്ധയിൽപ്പെട്ടത്.ഉടൻ തന്നെ ഷിജുവിനെ വിവരം അറിയിക്കുകയും ഇദ്ദേഹം സുഹൃത്തുക്കളുമായി വീട്ടിൽ എത്തി പരിശോധിച്ചപ്പോഴാണ് ഭിത്തിയിലെ വിള്ളലുകൾ ശ്രദ്ധയിൽപെട്ടത്. വില്ലേജ് അധികൃതരെ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ.ജെ ജെയിംസ് , ഗ്രാമപഞ്ചായത്തഗം ജെയിംസ് തോക്കൊമ്പിൽ എന്നിവർ സ്ഥലം സന്ദർശിച്ചു. വില്ലേജ് അധികാരികൾ സ്ഥലത്തെത്തി പരിശോധന നടത്തി. അപകട ഭീഷണിയെ തുടർന്ന് വീട്ടിൽ നിന്ന് മാറിത്താമസിക്കുവാൻ ആവശ്യപ്പെട്ടു. ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച തുക കൊണ്ടും ലോൺ എടുത്തും കടം വാങ്ങിയ തുക കൊണ്ടുമാണ് വീടുപണി പൂർത്തീകരിച്ചത് . സംഭവിച്ച നാശത്തിൽ നിന്നും എങ്ങനെ കരകയറും എന്നറിയാതെ വിഷമിക്കുകയാണ് ഷിജുവും കുടുംബവും . സർക്കാരിൽ നിന്ന് സഹായം ലഭ്യമാക്കാനാവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് പഞ്ചായത്ത്,വില്ലേജ് അധികൃതർ അറിയിച്ചു.