ഇടുക്കി ഡാമിൻ്റെ ഭാഗമായ ചെറുതോണി അണക്കെട്ടിൽ സുരക്ഷാ വീഴ്ച. ഡാമിൽ സന്ദർശക പാസ് എടുത്ത് പ്രവേശിച്ച യുവാവ് ഹൈമാക്സ് ലൈറ്റിന് ചുവട്ടിൽ താഴിട്ടുപൂട്ടി
ഇടുക്കി ഡാമിൻ്റെ ഭാഗമായ ചെറുതോണി അണക്കെട്ടിൽ സുരക്ഷാ വീഴ്ച. ഡാമിൽ സന്ദർശക പാസ് എടുത്ത് പ്രവേശിച്ച യുവാവ് ഹൈമാക്സ് ലൈറ്റിന് ചുവട്ടിൽ താഴിട്ടുപൂട്ടി. ഒന്നിലധികം ഇടങ്ങളിൽ താഴിട്ട് പൂട്ടിയതായാണ് കണ്ടെത്തൽ. ഷട്ടർ ഉയർത്തുന്ന റോപ്പിൽ ദ്രാവകം ഒഴിക്കുന്നതായും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. ജൂലൈ 22ന് പകൽ മൂന്ന് പതിനഞ്ചിനാണ് സംഭവം നടക്കുന്നത്. കഴിഞ്ഞ നാലാം തീയതിയാണ് സിസിടിവി ദൃശ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് കെ എസ് ഇ ബി ഇടുക്കി പോലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവസ്ഥലത്ത് ബോംബ് സ്‌ക്വാഡ് അടക്കം നേരിട്ട് എത്തി പരിശോധന നടത്തി. എന്നാൽ അസ്വാഭാവികമായി പൂട്ടിയ താഴുകളിൽ മറ്റൊന്നും കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. അതേസമയം മൊബൈൽ ഫോൺ പോലും അകത്തു പ്രവേശിപ്പിക്കുവാൻ കഴിയാത്ത തരത്തിൽ സുരക്ഷാക്രമീകരണങ്ങൾ ഉള്ള അണക്കെട്ടിൽ യുവാവ് പ്രവേശിച്ച് താഴിട്ട് പൂട്ടിയത് വൻ സുരക്ഷ വീഴ്ചയാണ് എന്ന ആരോപണവും ഉയരുന്നുണ്ട്. യുവാവിനെ തിരിച്ചറിയുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവെങ്കിലും ഇത് പുറത്തുവിട്ടിട്ടില്ല.