20 കിലോ ചന്ദനത്തടിയുടെ കാതലുമായി ഒരാളെ വനം വകുപ്പ് വണ്ടിപ്പെരിയാർ സത്രം റോഡിൽ വച്ച് പിടികൂടി
20 കിലോ ചന്ദനത്തടിയുടെ കാതലുമായാണ് ഒരാളെ ഇന്ന് മുറിഞ്ഞ പുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസ് ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലകസംഘം വണ്ടിപ്പെരിയാർ സത്രം റോഡിൽ നിന്നും പിടികൂടിയത്. ഏലപ്പാറ കോഴിക്കാനം ഒന്നാം ഡിവിഷൻ പുതുപ്പറമ്പിൽ ബിനീഷ് (39) എന്നയാളെയാണ് വനപാലകർ പിടികൂടിയത്. ഏലപ്പാറ ഭാഗത്ത് ഒരാളുടെ കൈവശം ചന്ദനമുണ്ട് എന്നും ഇത് വണ്ടി പെരിയാർ ഭാഗത്തുവച്ച് വിൽപ്പന നടത്തുവാൻ ശ്രമം നടക്കുന്നുണ്ട് എന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുറിഞ്ഞ പുഴ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ സുനിലിന്റെ നേതൃത്തിലുള്ളവനപാലക സംഘം വണ്ടിപ്പെരിയാർ കേന്ദ്രമായി പരിശോധന നടത്തുകയും വണ്ടിപ്പെരിയാർ സത്രം റോഡിൽ വച്ച് സംശയാസ്പദമായ രീതിയിൽ കണ്ട മഹീന്ദ്ര ലോഗൻ കാർ പരിശോധിച്ചപ്പോൾ കാറിനുള്ളിൽ മുൻ സീറ്റിന്റെയും ബാക്ക് സീറ്റിന്റെയും ഇടയിലായി ചാക്കിൽ പൊതിഞ്ഞ നിലയിൽ ചന്ദനത്തടിയുടെ കാതൽ കണ്ടെത്തുകയായിരുന്നു.
20 കിലോ തൂക്കം വരുന്ന ചന്ദനത്തടിയു ടെ കാതലാണ് പിടികൂടിയത്. പിടികൂടിയ ഏലപ്പാറ സ്വദേശിയെ ചോദ്യം ചെയ്തതിൽ തമിഴ്നാട് സ്വദേശിക്ക് വിൽപ്പന നടത്തുവാൻ എത്തിച്ചതാണെന്നും ഏലപ്പാറ ചപ്പാത്ത് ഭാഗത്തു നിന്നും സ്വകാര്യ പുരയിടത്തിൽ നിന്നും ഒരു മാസം മുൻപ് മുറിച്ച ചന്ദന മരത്തിന്റെ കാതലാണെന്നും പിടിക്കപ്പെട്ടയാൾ സമ്മതിച്ചതായും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഏകദേശം അൻപതിനായിരം രൂപയോളം മാർക്കറ്റ് വില ലഭിക്കുന്ന ചന്ദന കാതലാണ് പിടികൂടിയത്. മുറിത്ത പുഴ ഫോറസ്റ്റ് ഓഫീസ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്കൊപ്പം ഗ്രേഡ് ഫോറസ്റ് ഓഫീസർ വി ആർ രാജീവ്,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സജു എസ് ദേവ്, ബി വിനോദ്, എ കെ മനോജ്, ടി വി ഷാജി, എം എസ് സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി ചന്ദന മരത്തിന്റെ കാതൽ പിടികൂടിയത്.