ഇടുക്കിയിൽ താമസിക്കാൻ അനുവദിക്കില്ലെങ്കിൽ മുഴുവൻ ആളുകളേയും പുനരധിവസിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിടണമെന്ന് എം.എം.മണി
ജില്ലയിലെ മുഴുവൻ ആളുകളെയും മറ്റൊര് ഇടത്തേക്ക് പുനരധിവസിപ്പിക്കാൻ കോടതി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഉടുമ്പൻചോല എംഎൽഎ എംഎം മണി. ജില്ലയിലെ 13 പഞ്ചായത്തുകളിൽ ഭരണകൂടം ഏർപ്പെടുത്തിയ നിർമ്മാണ നിരോധന ഉത്തരവിനെതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎം മണി.രാഷ്ട്രീയ പ്രതിനിധികളും ജനപ്രതിനിധികളും ഉണ്ടായിട്ടും അവരുടെ പക്കൽ നിന്നും അഭിപ്രായങ്ങൾ തേടാതെയാണ് ജില്ലാ കളക്ടർ 13 പഞ്ചായത്തുകളിൽ നിർമ്മാണ നിരോധനം ഏർപ്പെടുത്തിയത്. ഈ ഉത്തരവ് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. അഭിപ്രായങ്ങൾ പറയുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിനും പൊതുപ്രവർത്തകർ എന്ന നിലയിൽ അവകാശമുണ്ട്. അതുകൊണ്ട് അഭിപ്രായങ്ങൾ പറയാൻ പാടില്ലെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ കഴിയില്ല.
ജില്ലയിൽ താമസിക്കാൻ കഴിയില്ലെങ്കിൽ ഇവിടത്തെ കർഷകർ അടക്കമുള്ള ആളുകളെ പുനരധിവസിപ്പിക്കാൻ കോടതി ഉത്തരവ് പുറപ്പെടുവിക്കണം.ജില്ലയിൽ ഉടനീളം നടക്കുന്ന പ്രതിഷേധ സംഗമത്തിന് ഭാഗമായാണ് മൂന്നാറിലും പരിപാടി സംഘടിപ്പിച്ചത്. ഏരിയ കമ്മിറ്റി സെക്രട്ടറി കെ കെ വിജയൻ, ആർ ഈശ്വരൻ, സ്റ്റാലിൻ, സി എച്ച് ജാഫർ, ലക്ഷ്മണൻ തുടങ്ങിയ നിരവധി നേതാക്കൾ സംഗമത്തിൽ പങ്കെടുത്തു