കളക്ടർ ഇറക്കിയ വിവാദ ഉത്തരവുകളിൽ സർക്കാർ നിലപാട് വ്യക്തമാക്കണം: റോഷി അഗസ്റ്റിൻ
ജില്ലാ കളക്ടർ പുറത്തിറക്കിയ വിവാദ ഉത്തരവുകളിൽ സംസ്ഥാന സർക്കാരും ജില്ലയിലെ ജനപ്രതിനിധികളും നിലപാട് വ്യക്തമാക്കണമെന്ന് മുൻമന്ത്രി റോഷി അഗസ്റ്റിൻ . കേരള കോൺഗ്രസ് (എം) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചും അഗ്നിജ്വാലയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വന്യജീവികളുടെ സഞ്ചാരപാത സംരക്ഷിക്കുന്നതിന്റെ പേരിൽ ജനങ്ങൾ സുരക്ഷയ്ക്കായി സ്ഥാപിച്ച വേലികളും മതിലുകളും പൊളിച്ചുനീക്കുന്നതിനും വനമേഖലയോട് ചേർന്നുള്ള തോട്ടങ്ങളിൽ രാത്രികാല മനുഷ്യസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനുമുള്ള ഉത്തരവുകൾ അടിയന്തരമായി പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വന്യജീവികളുടെ സഞ്ചാരം സുഗമമാക്കുന്നതിനായി ജനങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾ നീക്കം ചെയ്യുന്നതിന് പകരം മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുകയാണ് സർക്കാർ സംവിധാനങ്ങൾ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.മനുഷ്യ–വന്യജീവി സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് വനമേഖലയോട് ചേർന്ന തോട്ടങ്ങളിൽ വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെ രാത്രികാല സഞ്ചാരവും തോട്ടം ജോലികളും നിയന്ത്രിക്കുന്നതിനുള്ള ഉത്തരവ് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചത്. എന്നാൽ,ഇടുക്കിയുടെ പ്രത്യേക സാഹചര്യത്തിൽ വനമേഖലയോട് ചേർന്നാണ് വലിയൊരു വിഭാഗം ജനവാസ മേഖലകളും. വനത്തിലൂടെയാണ് ജില്ലയിലെ പ്രധാന റോഡുകൾ കടന്ന് പോകുകയും ചെയ്യുന്നതെന്ന് റോഷി അഗസ്റ്റിൻ ചൂണ്ടിക്കാട്ടി.
“വന്യജീവികളെ നിയന്ത്രിക്കുന്നതിന് പകരം മനുഷ്യരുടെ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കുന്ന സമീപനം അംഗീകരിക്കാനാവില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ ഭരണകൂടം പരാജയപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിവാദ ഉത്തരവുകളിൽ സർക്കാർ വ്യക്തമായ നിലപാട് വ്യക്തമാക്കണം,” റോഷി അഗസ്റ്റിൻ പറഞ്ഞു.ഇടുക്കി ജില്ലയെ സമ്പൂർണ്ണ വനമായി മാറ്റുന്നതിന്റെ ആദ്യ ചവിട്ടുപടിയാണ് ഈ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുള്ള.വയനാട്ടിലെ പ്രധാന കവാടങ്ങളിലൂടെ ഉള്ള യാത്രാ നിരോധനവും കേവലം ഒരു കളക്ടറുടെ ഉത്തരവിലൂടെയാണ് നിലവിൽ വന്നത് എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.വിവാദ ഉത്തരവുകൾ പിൻവലിക്കുന്നതിൽ സർക്കാരും ജില്ലാ ഭരണകൂടവും ഇനിയും കാലതാമസം വരുത്തിയാൽ കേരള കോൺഗ്രസ് (എം) നേതൃത്വത്തിൽ അതിശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി.
വാർഡ് പ്രസിഡണ്ട്മാർ മുതൽ ഉള്ള നൂറുകണക്കിന് നേതാക്കളും പ്രവർത്തകരും പങ്കെടുത്ത പ്രതിഷേധ മാർച്ചിന് പിന്നാലെ വിവാദ ഉത്തരങ്ങളുടെ പകർപ്പുകൾ അഗ്നികുണ്ഡത്തിലേക്ക് എറിഞ്ഞ് കത്തിച്ചാണ് നേതാക്കളും പ്രവർത്തകരും പ്രതിഷേധം രേഖപ്പെടുത്തിയത്.കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ അധ്യക്ഷത വഹിച്ചു. പ്രൊഫ.കെ ഐ ആൻറണി, രാരിച്ചൻ നീറണാക്കുന്നേൽ, സിറിയക് ചാഴികാടൻ , റെജി കുന്നംകോട്ട് , അഡ്വ . മനോജ് എം തോമസ്, ജോസ് കുഴികണ്ടം, കെ എൻ മുരളി, ടിപി മൽക്ക , ഷാജി കാഞ്ഞമല, ജിൻസൺ വർക്കി, ടോമി പകലോമറ്റം, റോയിച്ചൻ കുന്നേൽ, കുര്യാക്കോസ് ചിന്താർമണി , ഷിജോ തടത്തിൽ, അഡ്വ.ജെയിംസ് മ്ലാക്കുഴി ,അനിൽ രാഘവൻ, ജോമോൻ പൊടിപാറ , ജോർജ് അമ്പഴം എന്നിവർ പ്രസംഗിച്ചു.
ടോമി കുന്നേൽ,റെജി മുക്കാട്ട്, ജോയി വള്ളിയാംതടത്തിൽ , രാജു ഇല്ലത്ത്,സാബു മണിമലകുന്നേൽ , സി ജയകൃഷ്ണൻ , ജോയി കിഴക്കേ പറമ്പിൽ, വർഗീസ് ആറ്റുപുറം ,ജിൻസൺ പൗവത്ത് , സിജോ നടയ്ക്കൽ, സിബി കിഴക്കേമുറി, ഷാജി കോയിക്കകുടി , സിജി ചാക്കോ, വിബിൻ സി അഗസ്റ്റിൻ, ജേക്കബ് പിണക്കാട്ട്, ജോസ് മാടപ്പള്ളി, ഷാജി ഊരോത്ത്, ലാലിച്ചൻ വെള്ളക്കട, എം വി കുര്യൻ, അപ്പച്ചൻ ഓലിക്കരോട്ട് , ആന്റോച്ചൻ മാങ്കുളം, ബേബി മുളക്കൽ എന്നിവർ നേതൃത്വം നൽകി

