ജില്ലാ ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർഥിയെ മൂന്നാം സ്ഥാനത്തേക്ക് മാറ്റിയെന്ന് പരാതി. കൈലാസ്നാഥിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി മരിയാപുരം സെന്റ് മേരീസ് സ്കൂൾ പി.ടി.എ . നാളെ നടക്കാൻ പോകുന്ന സംസ്ഥാന മത്സരവേദിയിൽ ഉപവാസം അനുഷ്ഠിക്കുമെന്നും പിടിഎ ചെറുതോണിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു .
ഇരട്ടയാറ്റില്‍ വെച്ച് നടത്തിയ ഇടുക്കി റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം വര്‍ക്ക് എക്സ്പീരിയന്‍സ് ഫെയറിന്‍റെ മെറ്റല്‍ എന്‍ഗ്രേവിങ് മത്സരത്തില്‍ മത്സരിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥിയെയാണ് അധികൃതർ മൂന്നാം സ്ഥാനക്കാരൻ ആക്കിയത്. മരിയാപുരം സെന്റ് മേരീസ് എച്ച്.എസിലെ വി.ആര്‍ കൈലാസ്നാഥിനെയാണ് ഒരു കാരണവുമില്ലാതെ മൂന്നാം സ്ഥാനത്തേക്കു മാറ്റിയത്. ഇതിനെതിരെ മുഖ്യമന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി, എം.എല്‍.എ, ജില്ലാ കളക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയാകാത്തില്‍ സ്കൂള്‍ പി.ടി.എ പ്രതിഷേധിച്ചു. മരിയാപുരം വാക്വേലില്‍ രഘു സിന്ധു ദബതികളുടെ കുട്ടിയാണ് കൈലാസനാഥ്. ഒന്നാം സ്ഥാനം ലഭിച്ച കൈലാസനാഥിന് സര്‍ട്ടിഫിക്കറ്റും നല്‍കിയതാണ്. പിന്നീട് 12-ാം സ്ഥാനക്കാരനെ ഒന്നാം സ്ഥാനത്തും കൈലാസനാഥിനെ മൂന്നാം സ്ഥാനത്തുമാക്കുകയായിരുന്നു. ഒന്നും രണ്ടും സ്ഥാനക്കാരെ മാത്രമേ സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുവാന്‍ കഴിയുകയുള്ളൂ.
ഒന്നാം സ്ഥാനം കിട്ടിയ സന്തോഷത്തില്‍ കൈലാസ്നാഥ് സഹപാഠികള്‍ക്ക് മിഠായി വിതരണം നടത്താന്‍ തയ്യാറെടുക്കുന്നതിനിടെയാണ് തന്നെ മൂന്നാം സ്ഥാനത്തേക്ക് മാറ്റിയതായി അറിയിപ്പു ലഭിച്ചത്. അന്നു മുതല്‍ കൈലാസനാഥ് സ്കൂളില്‍ പോകാതെ സങ്കടത്തിലാണ്. വിവരമറിഞ്ഞതു മുതല്‍ സ്കൂള്‍ മാനേജര്‍ ഫാ. തോമസ് ആനിക്കുഴികാട്ടില്‍ അധികാര കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ടെങ്കിലും ഒരു നടപടിയുമെടുത്തിട്ടില്ല. ഇന്നലെ ഉച്ചക്ക് രണ്ടിന് ഡി.ഡി. ഇവരെ ചര്‍ച്ചക്ക് ക്ഷണിച്ചെങ്കിലും അവസാനം അവരും കൈ ഒഴിയുകയായിരുന്നു. എല്‍.ഡി.എഫ് സംഘടനയുടെ ജീവനക്കാര്‍ മനപ്പുര്‍വ്വം തിരിമറി നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും അവിഹിത ഇടപെടല്‍ നടന്നിട്ടുണ്ടെന്നും പി.റ്റി.എ ഭാരവാഹികള്‍ ആരോപിക്കുന്നു.
കൈലാസനാഥിന് അവസരം നിഷേധിച്ചാല്‍ സംസ്ഥാന മത്സരം നടക്കുന്ന ഹാളില്‍ കൈലാസനാഥും കുടുംബവും പി.ടി.എ ഭാരവാഹികളും നിരാഹാര സമരം നടത്തുമെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും പി.റ്റി.എ പ്രസിഡന്‍റ് തങ്കച്ചന്‍ വേമ്പേനിയില്‍, വൈസ് പ്രസിഡന്‍റ് സോജന്‍ മുണ്ടപ്പള്ളില്‍ എക്സിക്യുട്ടീവ് അംഗം ജോബി ഈരോലിക്കല്‍ ജോയി കണിയാംകുന്നേല്‍ എന്നിവര്‍ അറിയിച്ചു.



