ക്ഷേത്രപരിസരത്ത് മാലിന്യം കുന്നുകൂടിയെന്ന വാർത്തകളിൽ വിശദീകരണവുമായി കട്ടപ്പനയിൽ ക്ഷേത്ര ഭരണസമിതി.
ക്ഷേത്രപരിസരത്ത് മാലിന്യം കുന്നുകൂടിയെന്ന വാർത്തകളിൽ വിശദീകരണവുമായി കട്ടപ്പനയിൽ ക്ഷേത്ര ഭരണസമിതി. പൂജാദ്രവ്യങ്ങളും പുഷ്പങ്ങളും ഉൾപ്പെടെയുള്ള ജൈവമാലിന്യങ്ങൾ നീക്കം ചെയ്യാൻ വൈകിയത് വാഹനം തകരാറിലായതിനാലാണെന്നും, നിലവിൽ മാലിന്യങ്ങൾ പൂർണ്ണമായി നീക്കം ചെയ്ത് സ്ഥലം ശുചീകരിച്ചതായും നഗരസഭയ്ക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷേത്ര ഭരണസമിതി ഖേദം പ്രകടിപ്പിച്ചതായി ക്ഷേത്രം സെക്രട്ടറി സുഭാഷ് അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് മാലിന്യം കെട്ടിക്കിടക്കുന്നതായി പ്രചരിച്ച വാർത്തകളിലാണ് ഇപ്പോൾ വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികൾ രംഗത്തെത്തിയിരിക്കുന്നത്. ക്ഷേത്രത്തിലെ പൂജകൾക്ക് ഉപയോഗിക്കുന്ന പുഷ്പങ്ങളും നിവേദ്യ ദ്രവ്യങ്ങളും അടക്കമുള്ള ജൈവമാലിന്യങ്ങൾ വളത്തിനായി സാധാരണയായി രണ്ട് ദിവസം കൂടുമ്പോൾ വാഹനത്തിൽ കൃഷിയിടങ്ങളിലേക്ക് മാറ്റാറുണ്ടായിരുന്നു. എന്നാൽ ഈ മാലിന്യങ്ങൾ സൂക്ഷിച്ച രണ്ട് ചാക്കുകൾ പുറത്തേക്ക് എടുത്തു വെച്ചതിൽ ഭരണസമിതിക്ക് വീഴ്ച സംഭവിച്ചതായി സെക്രട്ടറി പറഞ്ഞു.
പുറത്തുവെച്ച ചാക്കുകൾക്ക് സമീപം മറ്റു ചിലരും വ്യാപകമായി മാലിന്യം തള്ളിയതോടെയാണ് പ്രദേശം വലിയൊരു മാലിന്യക്കൂമ്പാരമായി മാറിയത്. തുടർന്ന് നഗരസഭ അധികൃതർ വിഷയത്തിൽ ഇടപെടുകയും നോട്ടീസ് നൽകുകയും ചെയ്തിരുന്നു. തകരാറിലായ വാഹനം ശനിയാഴ്ചയോടെ നന്നാക്കി എടുത്തതിനെത്തുടർന്ന്, ഞായറാഴ്ച ക്ഷേത്രക്കമ്മിറ്റിയുടെ നേതൃത്വത്തിൽ തന്നെ സ്വന്തം ചിലവിൽ മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്യുകയും പ്രദേശം പൂർണ്ണമായി ശുചീകരിക്കുകയും ചെയ്തു. നഗരസഭയ്ക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷേത്ര ഭരണസമിതി ഖേദം പ്രകടിപ്പിച്ചു.

