രാജാക്കാട് പന്നിയാര്‍കൂട്ടിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
പന്നിയാര്‍കൂട്ടി സെന്റ് മേരീസ് പള്ളിയ്ക്ക് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹത്തിന് 2 മാസത്തിലേറെ പഴക്കമുള്ളതായാണ് നിഗമനം.രാവിലെ 10.30 ഓടെയാണ് മൃതദേഹം കണ്ടത്. തോടിന് സമീപത്തെ പുരയിടത്തില്‍ ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളിയാണ് മൃതദേഹം കണ്ടത്. സംഭവം അറിഞ്ഞ് പ്രദേശവാസികള്‍ എത്തുകയും രാജാക്കാട് പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. തോടിന്റെ കരയില്‍ നിന്നും വളര്‍ന്ന് ചാഞ്ഞ് കിടന്ന ഈറ്റയ്ക്കിടയിലായാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പൂര്‍ണ്ണമായും ജീര്‍ണ്ണിച്ച് അസ്ഥികൂടമായ അവസ്ഥയിലാണ്. അടിവസ്ത്രവും ജീര്‍ണ്ണിച്ച ഷര്‍ട്ടും അസ്ഥികൂടത്തില്‍ കണ്ടെത്തി. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. രാജാക്കാട് പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. രാജാക്കാട് സി.ഐ ബി.പങ്കജാക്ഷന്‍, എസ്.ഐമാരായ ജൂഡി റ്റി.പി., സജി എന്‍.പോള്‍ എന്നിവര്‍ ഇന്‍ക്വിസ്റ്റ് നടപടികള്‍ സ്വീകരിച്ചു.