നിരോധിത ലഹരി ഉൽപ്പനങ്ങളുടെ വിൽപ്പനയും അനധികൃത വഴിയോര കച്ചവടങ്ങളും തടയണമെന്നാവശ്യപ്പെട്ട് കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ നഗരസഭയ്ക്ക് നിവേദനം നൽകി.
നിയമപരമായ വിവിധ ലൈസൻസുകൾക്ക് പുറമെ വാടക, കറന്റ് ചാർജ്, ശമ്പളം, ജിഎസ്ടി തുടങ്ങിയവയെല്ലാം മുടക്കുന്ന വ്യാപാരികൾ പ്രതിസന്ധിയിലാണ്. ഞായറാഴ്ചകളിൽ കട്ടപ്പന കുന്തളംപാറ റോഡിലും പുതിയ ബസ് സ്റ്റാൻഡ് പരിസരങ്ങളിലും അതിഥി തൊഴിലാളികളുൾപ്പെടെ തുണിത്തരങ്ങളും മറ്റ് സാധനങ്ങളും കച്ചവടം നടത്തുന്നത് സ്ഥിരം കാഴ്‌ചയാണ്. ഈ കച്ചവടങ്ങളുടെ മറവിൽ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ വിൽക്കുന്നതായും സംശയമുണ്ട്. കൂടാതെ കട്ടപ്പന നഗരത്തിൽ കഴിഞ്ഞ കുറെ നാളുകളായി ലഹരി ഉപയോഗവും അതിനെ തുടർന്നുള്ള അക്രമസംഭവങ്ങളും പതിവായിരിക്കുകയാണ്. കട്ടപ്പന കുന്തളംപാറ റോഡിലും പുതിയ ബസ് സ്റ്റാൻഡ് പരിസരങ്ങളിലും ശനി, ഞായർ ദിവസങ്ങളിൽ അതിഥിതൊഴിലാളികൾ തമ്മിലും മറ്റുള്ളവരും അടിപിടികളും അസഭ്യവർഷവും മൂലം സാധാരണ ജനങ്ങൾക്ക് നടന്നുപോകാൻ പോലും പറ്റാത്ത അവസ്ഥയാണ്.
ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന് കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ എല്ലാവിധ പിന്തുണയും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ശക്തമായ പരിശോധനകളിലൂടെ നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും പരിപൂർണമായി അവസാനിപ്പിക്കണമെന്നും ഏതെങ്കിലും കച്ചവടക്കാർ നിരോധിത വസ്‌തുക്കൾ വിൽക്കുന്നു എന്ന് മനസിലായാൽ അത്തരക്കാരെ സംഘടനയിൽനിന്ന് പുറത്താക്കുമെന്നും അസോസിയേഷൻ പ്രസിഡൻ്റ് സാജൻ ജോർജ്, ജനറൽ സെക്രട്ടറി ജോഷി കുട്ടട, എന്നിവർ അറിയിച്ചു.
വർക്കിങ് പ്രസിഡന്റ് സിജോമോൻ ജോസ്, വൈസ് പ്രസിഡൻ്റുമാരായ ടി എം ജോമോൻ, ബൈജു വെമ്പേനി, സെക്രട്ടറിമാരായ കെ ജെ തോമസ്, രമണൻ പടന്നയിൽ, അനിൽ മോഡേൺ, പിആർഓ അനിൽ പുനർജനി എന്നിവർ പങ്കെടുത്തു.

