മൂന്നാർ ബോഡിമെട്ട് റോഡിന്റെയും ചെറുതോണി പാലത്തിന്റെയും ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നിർവഹിക്കും
മൂന്നാർ ബോഡിമെട്ട് റോഡിന്റെയും ചെറുതോണി പാലത്തിന്റെയും ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നിർവഹിക്കുമെന്ന് ഡീൻ കുര്യാക്കോസ് എം പി. കഴിഞ്ഞ ചിങ്ങം ഒന്നിന് ഓൺലൈനായി ചെറുതോണി പാലത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നു. എങ്കിലും മന്ത്രിക്ക് നേരിട്ട് എത്താനായി ഉദ്ഘാടനം മാറ്റിവച്ചിരിക്കുകയാണ്.2018ലെ പ്രളയത്തിൽ നിലവിലുണ്ടായിരുന്ന ചെറുതോണി പാലത്തിന്റെ ഒരുവശത്തിന് തകരാർ സംഭവിക്കുകയും ചെറുതോണി-ആലിൻചുവട് റോഡിന്റെ സംരക്ഷണഭിത്തി ഉൾപ്പെടെ ഒലിച്ചുപോകുകയും ചെയ്തതിനെ തുടർന്നാണ് പുതിയ പാലവും റോഡും നിർമിക്കാൻ തീരുമാനിച്ചത്. ചെറുതോണി -ആലിൻചുവട് റോഡിന്റെ സംരക്ഷണഭിത്തിക്ക് 38 കോടി രൂപയും പാലത്തിന് 25 കോടിയും അനുവദിച്ചു. സംരക്ഷണഭിത്തി നിർമാണം നേരത്തെ തന്നെ പൂർത്തിയായിരുന്നു. പാലം നിർമാണം 2022 ഫെബ്രുവരിയിൽ പൂർത്തിയാക്കണമെന്നായിരുന്നു കരാർ. എന്നാൽ, പല കാരണങ്ങളാൽ നിർമാണ പ്രവർത്തനങ്ങൾ നീണ്ടുപോയി. പുതിയ പാലത്തിന്റെ ഒരു വശത്തുകൂടി പഴയ പാലത്തിലേക്ക് റോഡ് നിർമിച്ചിട്ടുണ്ട്. ചെറിയ വാഹനങ്ങൾക്ക് മാത്രമേ ഇതുവഴി കടന്നുപോകാൻ കഴിയൂ. പ്രളയത്തെയും പ്രകൃതിദുരന്തങ്ങളെയും അതിജീവിക്കുംവിധം രൂപകൽപന ചെയ്ത പുതിയ പാലം 40 മീറ്റർ ഉയരത്തിൽ മൂന്ന് സ്പാനിലാണ് നിർമ്മിച്ചിരിക്കുന്നത്. 120 മീറ്ററാണ് പാലത്തിന്റെ നീളം. ഇരുവശത്തെയും നടപ്പാത ഉൾപ്പെടെ 18 മീറ്റർ വീതിയുണ്ട്. നിരവധി വിവാദങ്ങൾക്ക് ഒടുവിലാണ് ചെറുതോണി പാലം പൂർത്തിയായിരിക്കുന്നത്. പാലത്തിന് രണ്ടുവശത്തുകൂടി റോഡുകളുടെ നിർമ്മാണവും ഇനി പൂർത്തിയാകാൻ ഉണ്ട് . കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഉടൻതന്നെ ചെറുതോണി പാലത്തിൻറെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുമെന്ന് എം പി ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.
ചെറുതോണി ടൗണിന്റെ തന്നെ മുഖച്ഛായ മാറ്റത്തക്ക വിധത്തിലാണ് പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. പാലത്തിന് താഴെ പഴയ ബസ്റ്റാൻഡ് സ്ഥിതി ചെയ്ത സ്ഥലത്ത് പാർക്കിംഗ് ഗ്രൗണ്ട് ഉൾപ്പെടെയുള്ള സംവിധാനങ്ങളും പൂർത്തിയായാൽ ചെറുതോണിയുടെ പാർക്കിംഗ്, ഗതാഗത പ്രശ്നങ്ങൾക്കും പരിഹാരമാകും.