കട്ടപ്പന-കുട്ടിക്കാനം മലയോര ഹൈവേയിൽ വാഹനാപകടങ്ങൾ നിത്യസംഭവമാകുന്നു. കാഞ്ചിയാർ ലബ്ബക്കട മുതൽ കട്ടപ്പന വരെയുള്ള ഭാഗങ്ങളിലാണ് അപകടങ്ങൾ പെരുകുന്നത്.
കട്ടപ്പന-കുട്ടിക്കാനം മലയോര ഹൈവേയിൽ വാഹനാപകടങ്ങൾ നിത്യസംഭവമാകുന്നു. കാഞ്ചിയാർ ലബ്ബക്കട മുതൽ കട്ടപ്പന വരെയുള്ള ഭാഗങ്ങളിലാണ് അപകടങ്ങൾ പെരുകുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചകൾക്കിടെ മാത്രം പ്രദേശത്ത് രണ്ട് വാഹന അപകടങ്ങളാണ് ഉണ്ടായത്.
ഇതുകൂടാതെ മുൻപും നിരവധി അപകടങ്ങളാണ് റോഡ് നവീകരണത്തിന് ശേഷം ഉണ്ടായിരിക്കുന്നത് അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകട കാരണങ്ങൾ.ഈ പാതയിൽ അപകടങ്ങൾ കുറയ്ക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തു നിന്നും മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടാവണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.
വീതികൂട്ടി ആധുനിക രീതിയിൽ നിർമ്മിച്ച റോഡിലൂടെയുള്ള വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടങ്ങൾ വർദ്ധിക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മലയോര മേഖലയിലെ വളവുകളും തിരിവുകളും നിറഞ്ഞ പാതയിൽ വേഗത നിയന്ത്രിക്കാതെ എത്തുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് മറിയുകയോ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയോ ആണ് ചെയ്യുന്നത്.
റോഡ് നവീകരിച്ചതോടെ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയുമെങ്കിലും, ആവശ്യമായ സുരക്ഷാ സംവിധാനങ്ങളുടെ കുറവും ഡ്രൈവർമാരുടെ ജാഗ്രതക്കുറവും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കാഞ്ചിയാർ, ലബ്ബക്കട, കട്ടപ്പന ഭാഗങ്ങളിൽ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്നും, പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ഭാഗത്തുനിന്ന് കർശനമായ പരിശോധനകൾ ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. വാഹനങ്ങളുടെ അമിതവേഗത കാൽനട യാത്രക്കാർക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നതും.
അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അമിതവേഗതയ്ക്കും അശ്രദ്ധമായ ഡ്രൈവിംഗിനുമെതിരെ അധികൃതർ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ തുടർന്നുള്ള നാളുകളിലും അപകടങ്ങൾ വർദ്ധിക്കാനാണ് സാധ്യത.

