ഇടുക്കിയിൽ വിദ്യാര്‍ത്ഥിയുടെ വൃഷ്‌ണം തകര്‍ത്ത സംഭവം; രണ്ട് സഹപാഠികള്‍ റിമാന്‍ഡില്‍; പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി
ഇടുക്കി തൊടുപുഴയിൽ ക്രൂരമായി മര്‍ദിച്ച് വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും വലത് വൃഷണം നീക്കം ചെയ്യേണ്ടിവരികയും ചെയ്ത കേസില്‍ രണ്ട് സഹപാഠികള്‍ അറസ്റ്റില്‍. എറണാകുളം പിറവം കല്ലുമാരി സ്വദേശി അക്ഷയ് സജു (18), അമ്പലവയല്‍ നെച്ചിക്കാട്ടുകുഴി സ്വദേശി ഗൗതം കൃഷ്ണ (18) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ കോട്ടയം തിരുവഞ്ചൂരിലെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
നേരത്തെ കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ അന്ന് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചിരുന്നു. വീണ്ടും ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയപ്പോഴാണ് ജുവനൈല്‍ ഹോമിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്. കേസിന്റെ ഗൗരവവും പ്രതിയുടെ ക്രൂരമായ പെരുമാറ്റവും പരിഗണിച്ചാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കി. തൊടുപുഴ ഗ്രാന്‍ഡിസ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡില്‍ പഠിക്കുന്ന അണക്കര സ്വദേശിയായ വിദ്യാര്‍ഥിയെയാണ് കഴിഞ്ഞ 10ന് മൂവരും ചേര്‍ന്ന് ആക്രമിച്ചത്.
മര്‍ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ വലത് വൃഷണത്തിന് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടിവന്നു. അക്ഷയ് സജുവിനും, ഗൗതം കൃഷ്ണയ്ക്കുമെതിരെ തുടക്കത്തില്‍ പോലീസ് കേസെടുത്തിരുന്നില്ല. എന്നാല്‍ ഇരുവരുടെയും പേരുകള്‍ വിദ്യാര്‍ത്ഥി നല്‍കിയ പരാതിയിലുണ്ടായിരുന്നു. സംഭവം മാധ്യമശ്രദ്ധ നേടിയതോടെയാണ് പോലീസ് അന്വേഷണം കൂടുതല്‍ സജീവമാക്കിയത്.
പ്രായപൂര്‍ത്തിയാകാത്ത പ്രതി വിദ്യാര്‍ത്ഥിയുടെ വൃഷണഭാഗത്ത് മര്‍ദിക്കുന്നത് കണ്ടതായി അക്ഷയും, ഗൗതമും പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണത്തിനിടെ ഇവരും ആക്രമണത്തില്‍ പങ്കാളികളായിരുന്നുവെന്ന് വ്യക്തമായതോടെയാണ് ഇരുവരെയും പ്രതികളാക്കി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി പോലീസ് വിളിച്ചുവരുത്തി. ആക്രമണത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.





