ഹൈക്കോടതിയിൽ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം. തൃശൂർ സ്വദേശിയായ യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്
ഹൈക്കോടതിയിൽ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം. തൃശൂർ സ്വദേശിയായ യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവ് ഉൾപ്പെട്ട ഹേബിയസ് കോർപ്പസ് ഹർജി ഡിവിഷൻ ബെഞ്ച് പരിഗണിക്കുമ്പോഴാണ് സംഭവം. പൊലീസിടപെട്ട് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. യുവാവിനൊപ്പമുളള നിയമവിദ്യാർഥിനിയായ യുവതിയെ ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. മാതാപിതാക്കൾ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലായിരുന്നു ഇത്. കോടതിയിലെത്തിയ യുവതി യുവാവിനൊപ്പം പോകാൻ താൽപര്യമില്ലെന്ന് അറിയിച്ചു, ഇത് കേട്ടതിന് പിന്നാലെയാണ് പുറത്തേക്കിറങ്ങി കോടതി വരാന്തയിൽവെച്ച് കൈ ഞരമ്പ് മുറിച്ചത്.ആഗസ്റ്റ് 14 മുതൽ പൂത്തോട്ട ലോ കോളജിൽ പഠിക്കുന്ന നിയമവിദ്യാർത്ഥിനിയെ കാണാതായിരുന്നു. തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് വിവാഹിതനും കുട്ടിയുമുള്ള തൃശൂർ സ്വദേശി വിഷ്ണുവിനൊപ്പം പോയതാണെന്ന് കണ്ടെത്തിയത്. തുടർന്നാണ് പെൺകുട്ടിയുടെ പിതാവ് കോടതിയെ സമീപിച്ചത്.