അടിമാലിയിൽ എക്സൈസ് ഓഫീസിൽ നിന്ന് രക്ഷപെട്ട പ്രതി പിടിയിലായത് കോഴഞ്ചേരിയിൽ നിന്ന്
അടിമാലി എക്സൈസ് ഓഫീസിൽ നിന്നും ജീവനക്കാരെ വെട്ടിച്ചു കിടന്ന പ്രതി പിടിയിൽ .ഒഡീഷ സ്വദേശി വിജയ് ഗമാഗ(40) ആണ് പിടിയിലായത് .പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി ഭാഗത്ത് പ്രതിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കോഴഞ്ചേരി സമീപം മേലുകരയിൽ നിന്നാണ് പ്രതി പിടിയിലായത് .
നാലേകാൽ കിലോ കഞ്ചാവുമായി പിടിച്ച പ്രതിയാണ് അടിമാലി നാർക്കോട്ടിക് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ശനിയാഴ്ച പുലർച്ചെ രക്ഷപ്പെട്ടത്. പ്രതിക്കായി എക്സൈസും പോലീസും സംയുക്തമായി തിരച്ചിൽ ആരംഭിച്ചിരുന്നു. പ്രതി രക്ഷപെടാൻ ഉണ്ടായ സാഹചര്യത്തെ സംബന്ധിച്ച് എക്സൈസ് ജോയിന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ വകുപ്പ് തല അന്വേഷണവും ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച ആലുവയിൽ നിന്നും കഞ്ചാവുമായി വരുന്നുണ്ടെന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വൈകുന്നേരം അടിമാലി ഹൈസ്കൂളിന്റെ പരിസരത്ത് നടന്ന പരിശോധനയിലാണ് പ്രതി പിടിയിലായത് .
പ്രതിയെ സൂക്ഷിക്കാൻ സെല്ലില്ലാത്തതിനാൽ ജീവനക്കാരുടെ വിശ്രമ മുറിയിലാണ് പ്രതിയെ സൂക്ഷിച്ചിരുന്നത്. ശനിയാഴ്ച പുലർച്ചെ പ്രതി പ്രാഥമിക ആവശ്യങ്ങൾക്കായി പോകണമെന്ന് ആവശ്യപ്പെടുകയും ഇതിനായി പുറത്തിറക്കിയ പ്രതി ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓഫീസിന്റെ പിൻഭാഗത്ത് കൂടെ രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച മുതൽ ജില്ലയിലെ വിവിധ ഓഫീസുകളിൽ നിന്നും കൂടുതൽ ഉദ്യോഗസ്ഥരെ എത്തിച്ച് തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്തുവാൻ സാധിച്ചിരുന്നില്ല.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ രാജേന്ദ്രൻ , പ്രിവന്റീവ് ഓഫീസർമാരായ പ്രദീപ് വി .കെ , ദിലീപ് എൻ .കെ ,സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് കെ എം , അനൂപ് തോമസ് ,നിതിൻ ജോണി, ക്ലമെന്റ് വൈ എന്നിവരുടെ സംഘമാണ് പ്രതിയെ കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് പ്രതി രക്ഷപ്പെട്ടത് എന്നുള്ള പ്രചരണം നടക്കുന്നതിനിടയിൽ പ്രതിയെ കണ്ടെത്താനായതിന്റെ ആശ്വാസത്തിലാണ് എക്സൈസ് വകുപ്പ് അധികൃതർ.