ഇടുക്കി കുയിലിമല വ്യൂ പോയിന്റ് അടച്ചുപൂട്ടി മൂന്നുവർഷം പിന്നീടുമ്പോഴും തുറക്കുന്നതിന് യാതൊരു നടപടിയുമില്ല. ജില്ലയിലെ 4 പ്രധാന ടൂറിസം കേന്ദ്രങ്ങളാണ് വനം വകുപ്പ് ഇത്തരത്തിൽ അടച്ചുപൂട്ടിയത്
ഇടുക്കി ജില്ലാ ആസ്ഥാന മേഖലയിലെ അതിസുന്ദരമായ പ്രദേശങ്ങളിൽ ഒന്നാണ് കുയിലിമല. ഇടുക്കി ആസ്ഥാനമായ പൈനാവിൽ നിന്നും രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ മലമുകളിലെ സ്വർഗതുല്യമായ ഈ പ്രദേശത്തേക്ക് എത്താനാവും. കോവിഡ് ആരംഭിക്കുന്നതിന് മുമ്പ് വരെ പ്രതിദിനം നൂറുകണക്കിന് ആളുകൾ സായാഹ്നങ്ങളിൽ ഇവിടെ എത്തുമായിരുന്നു. എന്നാൽ കോവിഡിന്റെ മറവിൽ വനംവകുപ്പ് ഈ പ്രദേശം അടച്ചുപൂട്ടി ഗേറ്റ് സ്ഥാപിച്ചു. ഇടുക്കി ജില്ലാ കളക്ടർ ആയിരുന്ന എച്ച് ദിനേശൻ ഉൾപ്പെടെയുള്ളവർ ഈ വിഷയവുമായി ബന്ധപ്പെട്ട് വനം വകുപ്പുമായി ചർച്ച നടത്തിയെങ്കിലും കുയിലിമല തുറക്കുവാൻ തയ്യാറായില്ല. സർക്കാരിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് 10 ദിവസത്തേക്ക് മാത്രം വനംവകുപ്പ് ഇത് തുറന്നു നൽകിയിരുന്നു. പ്രദേശത്തെ സാധാരണ ആളുകൾക്ക് സായാഹ്നങ്ങളിൽ ചെലവഴിക്കുവാൻ വേറെ സ്ഥലങ്ങളില്ല. ഇത് പരിഗണിച്ച്, ഈ ടൂറിസ കേന്ദ്രങ്ങൾ തുറക്കുവാൻ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കുയിലിമല വിനോദസഞ്ചാര കേന്ദ്രത്തിന് പുറമേ പാൽക്കുളംമേട്, മീൻ ഒളിയാൻപാറ, കോട്ടപ്പാറ ഉൾപ്പെടെയുള്ള പ്രദേശങ്ങളും വനംവകുപ്പ് അടച്ചിട്ടുണ്ട്. കുയിലിമല വിനോദസഞ്ചാര കേന്ദ്രം വനംവകുപ്പിന്റെ നേതൃത്വത്തിൽ തന്നെ തുറന്ന്, സന്ദർശകർക്ക് പാസ് നൽകി പ്രവേശനാനുമതി നൽകുവാൻ നടപടികൾ സ്വീകരിച്ചെങ്കിലും രണ്ടുവർഷം പിന്നിടുമ്പോഴും ഇ കാര്യത്തിലും തീരുമാനമായിട്ടില്ല. ഇടുക്കി ജില്ലയുടെ ടൂറിസ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സർക്കാർതലത്തിൽ ഇടപെടൽ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.