മൂന്നാര്‍ കൊളുക്കുമലയില്‍ കൊക്കയില്‍ വീണ യുവാവിനെ രക്ഷപെടുത്തി; അപകടത്തില്‍പെട്ടത് ചെന്നൈ സ്വദേശി കാര്‍ത്തിക്
മൂന്നാര്‍ കൊളുക്കുമലയില്‍ കൊക്കയില്‍ വീണ യുവാവിനെ രക്ഷപെടുത്തി. തമിഴ്നാട് ചെന്നൈ സ്വദേശിയായ കാര്‍ത്തിക് (31) ആണ് അപകടത്തില്‍പ്പെട്ടത്. ഇയാള്‍ തലകറങ്ങി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ അറിയിച്ചത്. രാവിലെ എട്ടു മണിയോടെ കൊളുക്കുമലയിലെ സിംഹപാറ ഭാഗത്തുനിന്നാണ് യുവാവ് കൊക്കയിലേക്ക് വീണത്. തമിഴ്നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാര സംഘത്തോടൊപ്പം കൊളുക്കുമല സന്ദര്‍ശിക്കാനെത്തിയതായിരുന്നു കാര്‍ത്തിക്.
മൂന്നാര്‍ ഫയര്‍ ഫോഴ്‌സിന്റെയും പ്രദേശവാസികളുടെയും സഹായത്തോടെ കാര്‍ത്തിക്കിനെ രക്ഷപെടുത്തുകയായിരുന്നു. തുടര്‍ന്ന് മൂന്നാറിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ഒരു കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 5 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് 500 അടി താഴ്ച്ചയില്‍ നിന്നും ഇയാളെ മുകളില്‍ എത്തിച്ചത്.

