ഹെപ്പറ്റൈറ്റിസ് എ : കുടിവെള്ള സുരക്ഷയും ഭക്ഷ്യശുചിത്വവും പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
ഇടുക്കി ജില്ലയിൽ ഹെപ്പറ്റൈറ്റിസ് എ രോഗബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കുടിവെള്ള സുരക്ഷ, ഭക്ഷ്യശുചിത്വം, വ്യക്തിശുചിത്വം എന്നിവ ഉറപ്പാക്കണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, തട്ടുകടകൾ, മറ്റ് ഭക്ഷ്യവിതരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ആരോഗ്യസ്ഥിതി, വ്യക്തിശുചിത്വം എന്നിവയും ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളും പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചു.
ഹോട്ടൽ ജീവനക്കാർ നിർബന്ധമായും ഹെൽത്ത് കാർഡ് എടുക്കണം. സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് എടുത്തിട്ടുണ്ടെന്ന് സ്ഥാപന ഉടമകളും നടത്തിപ്പുകാരും പ്രത്യേകം ഉറപ്പാക്കണമെന്നും ജില്ലാ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന വൈറസ് രോഗമാണ് ഹെപ്പറ്റൈറ്റിസ് എ. ആയതിനാൽ കുടിവെള്ള സ്രോതസ്സുകളുടെ സുരക്ഷ, വ്യക്തിശുചിത്വം, ഭക്ഷ്യശുചിത്വം എന്നിവ ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി .
ഹെപ്പറ്റൈറ്റിസ് എ ബാധിച്ചാൽ പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, വയറുവേദന, മൂത്രത്തിന് കടുത്ത മഞ്ഞനിറം, കണ്ണിലും ശരീരത്തിലും മഞ്ഞനിറം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യസ്ഥാപനത്തിൽ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചു.
കുമാരമംഗലം, തൊടുപുഴ, ബൈസൺവാലി, ഇടവെട്ടി, കുമളി, മണക്കാട്, നെടുങ്കണ്ടം, ഉടുമ്പന്നൂർ, വണ്ടിപ്പെരിയാർ തുടങ്ങിയ ഒൻപത് മേഖലകളിലാണ് ഇതിനകം ഹെപ്പറ്റൈറ്റിസ് എ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കുമാരമംഗലത്ത് നാലും തൊടുപുഴയിൽ രണ്ടും കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ മറ്റ് മേഖലകളിൽ ഓരോ കേസുകൾ വീതമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ആകെ 13 കേസുകളാണ് ഈ മേഖലകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ഈ സാഹചര്യത്തിൽ ജില്ലയിൽ ജലജന്യ രോഗങ്ങൾക്കെതിരായ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതപ്പെടുത്തിയതായും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
*രോഗപ്രതിരോധത്തിനായുള്ള നിർദ്ദേശങ്ങൾ
- കുടിക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും വെള്ളം നന്നായി തിളപ്പിച്ച് തണുപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക.
- കിണറുകളും മറ്റ് കുടിവെള്ള സ്രോതസ്സുകളും മലിനമാകാതെ സംരക്ഷിക്കുക.
- കുടിവെള്ള സ്രോതസ്സുകൾ ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം ക്ലോറിനേറ്റ് ചെയ്യുക.
- ഭക്ഷണം തയ്യാറാക്കുന്നതിന് മുമ്പും ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
- പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.
- പാകം ചെയ്ത ഭക്ഷണം മൂടിവെച്ച് സൂക്ഷിക്കുകയും ഭക്ഷണം നന്നായി പാകം ചെയ്ത് കഴിക്കുകയും ചെയ്യുക.
- ശുദ്ധജലം ഉറപ്പില്ലാത്ത സാഹചര്യങ്ങളിൽ പുറത്തുനിന്നുള്ള പാനീയങ്ങൾ, ഐസ് ചേർത്ത പാനീയങ്ങൾ, സുരക്ഷിതമല്ലാത്ത ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.
- വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യസംസ്കരണവും പരിസരശുചിത്വവും ഉറപ്പാക്കുക.
- രോഗബാധിതർ ഭക്ഷണം തയ്യാറാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും രോഗീപരിചരണം നടത്തുന്നവർ കൈകളുടെ ശുചിത്വം ഉറപ്പാക്കുകയും വേണം.



