കുമാരമംഗലം പോക്‌സോ കേസ്; രണ്ട് പ്രതികള്‍ക്കുകൂടി കഠിനതടവും പിഴയും ശിക്ഷ
കുമാരമംഗലം പോക്‌സോ കേസില്‍ രണ്ട് പ്രതികള്‍ക്കുകൂടി കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ നടന്ന കുറ്റകൃത്യത്തിലെ ഒന്നാം പ്രതിയായ കുമാരമംഗലം മംഗലത്ത് രഘുവിന് 30 വര്‍ഷം കഠിനതടവും 1,25,000 രൂപ പിഴയും, രണ്ടാം പ്രതി കാരിക്കോട് ഇടവെട്ടി വലിയ ജാരം ഭാഗത്ത് പോക്കളത്ത് ബിനു ബഷീറിന് 25 വര്‍ഷം കഠിനതടവും 95,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. തൊടുപുഴ പോക്‌സോ സെഷന്‍സ് കോടതി ജഡ്ജി ആഷ് കെ ബാല്‍ ആണ് ശിക്ഷ വിധിച്ചത്. കൂടാതെ അതിജീവിതയ്ക്ക് 4 ലക്ഷം രൂപ വിക്റ്റിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്നും നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവായി.
സംഭവത്തില്‍ തൊടുപുഴ പൊലീസ് 28 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അതില്‍ 25 കേസുകളില്‍ തൊടുപുഴ പോക്‌സോ കോടതിയില്‍ വിചാരണ നടന്നു വരികയാണ്. ഇനി 19 കേസുകളില്‍ കൂടിയാണ് വിധി വരാനുള്ളത്. ഒരു കേസില്‍ കഴിഞ്ഞ മാസം 25 വര്‍ഷം ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി രഘു വിയ്യൂര്‍ ജയിലില്‍ നിലവില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു. ഒന്നാം പ്രതിയായ രഘു ഇടനിലക്കാരനായി നിന്ന് പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയുടെ മാതാവിന്റെ ഒത്താശയോടെ കുട്ടിയെ തട്ടിക്കൊണ്ടു പോകുകയും, വേശ്യാവൃത്തിക്ക് വിനിയോഗിക്കുകയും ചെയ്തതായാണ് കണ്ടെത്തല്‍.
രണ്ടാം പ്രതിയായ ബിനു ബഷീര്‍ വാഗമണ്ണിലുള്ള റിസോര്‍ട്ടില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കുട്ടിയെ പ്രലോഭിപ്പിച്ച് കാറില്‍ കടത്തിക്കൊണ്ടുപോയി. ഇതിനിടയില്‍ തൊടുപുഴയിലെത്തിയപ്പോള്‍ ഒന്നാംപ്രതി രണ്ടാം പ്രതിയില്‍ നിന്നും പാരിതോഷികം കൈപ്പറ്റുകയും തുടര്‍ന്ന് വാഗമണ്ണിലെ റിസോര്‍ട്ടില്‍ വച്ച് രണ്ടാം പ്രതി അതിജീവിതയെ ബലാത്സംഗം ചെയ്തു എന്നുമാണ് പ്രോസിക്യൂഷന്‍ കണ്ടെത്തല്‍. അതിനാല്‍ തന്നെ പ്രതികള്‍ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങളായ മനുഷ്യക്കടത്ത്, മനുഷ്യകടത്തിനിരയായ അതിജീവിതയെ ലൈംഗികമായി ചൂഷണം ചെയ്യല്‍, പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയെ ലൈംഗികാവശ്യത്തിനായി വില്‍ക്കുക, ബലാത്സംഗം, പോക്‌സോ നിയമപ്രകാരമുള്ള ലൈംഗികപീഡനം തുടങ്ങിയ കുറ്റങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞു.
അന്നത്തെ തൊടുപുഴ പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന വി.സി വിഷ്ണുകുമാര്‍ ആണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സബ് ഇന്‍സ്‌പെക്ടര്‍ അജിലാല്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജിനില്‍ പി.കെ, നീതു കൃഷ്ണന്‍ എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികളെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പയസ്സ് മാത്യു, അഡ്വ. ഫ്രാന്‍സിസ് പയസ്സ്, അഡ്വ. ആന്‍സി ഫിലിപ്പ് എന്നിവര്‍ ഹാജരായി.



