മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കണം; പ്രതിസന്ധി രൂക്ഷമെന്ന് തമിഴ്‌നാട് കർഷകർ
കുമിളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്ന ആവശ്യവുമായി തമിഴ്‌നാട്ടിലെ കർഷക സംഘടനകൾ രംഗത്ത്. കാലവർഷം കുറഞ്ഞതിനെ തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് 112.90 അടിയായി താഴ്ന്ന പശ്ചാത്തലത്തിലാണ് കർഷകർ തങ്ങളുടെ ദീർഘകാല ആവശ്യം വീണ്ടും ശക്തമാക്കുന്നത്. ജലക്ഷാമം കാരണം തമിഴ്നാട്ടിലെ അഞ്ച് അതിർത്തി ജില്ലകളിൽ കടുത്ത കാർഷിക പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്.തരിശായി ഒന്നര ലക്ഷം ഏക്കർ പാടശേഖരംതമിഴ്‌നാടിന്റെ പ്രധാന കൃഷിയിടങ്ങളായ തേനി, മധുര, ദിണ്ടിഗൽ, ശിവഗംഗ, രാമനാഥപുരം എന്നീ ജില്ലകളുടെ പ്രധാന ജീവനാഡിയാണ് മുല്ലപ്പെരിയാർ അണക്കെട്ട്. സാധാരണയായി ജൂൺ ഒന്നിന് കാർഷിക ആവശ്യങ്ങൾക്കായി അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടാറുണ്ടെങ്കിലും ഇത്തവണ ജലനിരപ്പ് താഴ്ന്നതിനാൽ അതിന് സാധിച്ചിട്ടില്ല. നിയമപ്രകാരം കുറഞ്ഞത് 118 അടി വെള്ളം ഉണ്ടായാൽ മാത്രമേ തമിഴ്‌നാടിന് കൃഷിക്കായി വെള്ളം കൊണ്ടുപോകാൻ സാധിക്കൂ.
വെള്ളം ലഭിക്കാതായതോടെ കമ്പം, ചിന്നമന്നൂർ, തേനി മേഖലകളിലെ ഒന്നര ലക്ഷത്തോളം ഏക്കർ കൃഷിഭൂമിയാണ് പൂർണ്ണമായും തരിശായി കിടക്കുന്നത്. വിത്തുപാകാനും ഞാറുനടാനുമായി ഒരുക്കിയ പാടശേഖരങ്ങളെല്ലാം കരിഞ്ഞുണങ്ങുന്ന അവസ്ഥയിലാണെന്നും ജലനിരപ്പ് 152 അടിയായി ഉയർത്തിയാൽ മാത്രമേ വരൾച്ചാ കാലത്ത് കൃഷിയെ സംരക്ഷിക്കാൻ സാധിക്കൂ എന്നും കർഷകർ വ്യക്തമാക്കുന്നു. അണക്കെട്ടിലേക്ക് നീരൊഴുക്ക് വർദ്ധിക്കാനും മഴയ്ക്കായി തമിഴ്നാട് കർഷകർ കഴിഞ്ഞ ദിവസം തേക്കടിയിൽ പ്രത്യേക സർവമത പ്രാർത്ഥനകളും നടത്തിയിരുന്നു.
അണക്കെട്ടിന്റെ ബേബി ഡാം ശക്തിപ്പെടുത്തിയ ശേഷം സുപ്രീം കോടതി വിധിപ്രകാരം ജലനിരപ്പ് 152 അടിയാക്കി ഉയർത്തണമെന്നാണ് തമിഴ്‌നാട് സർക്കാരിന്റെയും കർഷകരുടെയും വാദം. എന്നാൽ അണക്കെട്ടിന്റെ പഴക്കവും ലക്ഷക്കണക്കിന് ജനങ്ങളുടെ സുരക്ഷയും മുൻനിർത്തി ജലനിരപ്പ് 142 അടിയിൽ കൂടുതൽ ഉയർത്താൻ കഴിയില്ലെന്ന ശക്തമായ നിലപാടിലാണ് കേരളം. കഴിഞ്ഞ മാസം നടന്ന ജലവിഭവ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലും കേരളം 'സുരക്ഷ വെള്ളത്തിന് മുമ്പ്' എന്ന നിലപാട് ആവർത്തിക്കുകയും പുതിയ അണക്കെട്ട് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പുതിയ അണക്കെട്ട് നിർമ്മിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ തമിഴ്‌നാടും ഉറച്ചുനിൽക്കുകയാണ്.അതിർത്തിയിലെ കാർഷിക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാരും പുതുതായി അധികാരമേറ്റ തമിഴ്നാട് സർക്കാരും അടിയന്തരമായി ഇടപെടണമെന്നാണ് കർഷക സംഘടനകളുടെ മുഖ്യ ആവശ്യം.





