മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ലഭിക്കണമെന്ന പ്രാർത്ഥനയുമായി തമിഴ്നാട്ടിലെ കർഷകർ. വിവിധ മതവിഭാഗങ്ങളുടെ നേതൃത്വത്തിൽ തേക്കടിയിൽ സർവമത പ്രാർത്ഥനയും പ്രത്യേക പൂജകളും നടന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ആശങ്കാജനകമായി താഴ്ന്നതോടെ മഴയ്ക്കായി പ്രാർത്ഥനയുമായി തമിഴ്നാട്ടിലെ കർഷകർ. കമ്പം-ചിന്നമന്നൂർ കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ തേക്കടിയിലെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഓഫീസിന് സമീപമുള്ള ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി.
തുടർന്ന്, പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം തുറന്നുവിടുന്ന തേക്കടി ഷട്ടർ പരിസരത്ത് ഹിന്ദു, മുസ്ലിം, ക്രൈസ്തവ മതനേതാക്കളുടെ നേതൃത്വത്തിൽ സർവമത പ്രാർത്ഥനയും നടന്നു. കമ്പം വാവേർ പള്ളി ചീഫ് ഇമാം മൗലവി അലാവുദ്ദീൻ മിസ്ബാഹി, റെമ റിവൈവൽ ചർച്ച് ബിഷപ്പ് ജ്ഞാനപ്രകാശം, കമ്പം വേലപ്പർ ക്ഷേത്രം അർച്ചകൻ രവി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
തമിഴ്നാട്ടിലെ തേനി ജില്ലയിലെ പതിനാലായിരത്തിലധികം കർഷകർ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എല്ലാ വർഷവും ജൂൺ ആദ്യവാരത്തിൽ ഒന്നാം കൃഷിക്കായി 120 ദിവസത്തേക്ക് 200 ഘനയടി വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാറുണ്ട്.
എന്നാൽ ഇത്തവണ കാലവർഷം ദുർബലമായതും അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതും മൂലം ഒന്നാം കൃഷി ആരംഭിക്കുന്നതിൽ ആശങ്ക ഉയർന്നിരിക്കുകയാണ്. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 112.90 അടിയാണ്. ജലനിരപ്പ് 118 അടി പിന്നിട്ട ശേഷമേ ഒന്നാം കൃഷിക്കായി വെള്ളം തമിഴ്നാട്ടിലേക്ക് തുറന്നുവിടാനാകൂ.2019-ലും സമാന സാഹചര്യത്തിൽ തമിഴ്നാട് ഇവിടെ സർവമത പ്രാർത്ഥന സംഘടിപ്പിച്ചിരുന്നുവെന്നും, തുടർന്ന് നല്ല മഴ ലഭിച്ചതായും കർഷകർ ചൂണ്ടിക്കാട്ടി.
ജില്ലാ കർഷക സംഘം വർക്കിംഗ് പ്രസിഡന്റ് എസ്. മനോഹരന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കമ്പം വാവേർ പള്ളി ജമാഅത്ത് പ്രസിഡന്റ് ഹാജി സൈനുലാബുദീൻ അമ്പ, വ്യവസായി രായപ്പൻപട്ടി ആനന്ദൻ, ചെന്നൈ ശെൽവം, തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ രാജഗോപാൽ, അസിസ്റ്റന്റ് എൻജിനീയർ മഹേന്ദ്രൻ എന്നിവരടക്കം നിരവധി കർഷക സംഘടനാ പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.





