മദ്യപിച്ച് സ്‌കൂള്‍ വാഹനങ്ങള്‍ ഓടിച്ച മൂന്ന് ഡ്രൈവര്‍മാര്‍ പിടിയില്‍
മദ്യപിച്ച് സ്‌കൂള്‍ വാഹനങ്ങള്‍ ഓടിച്ച മൂന്ന് ഡ്രൈവര്‍മാര്‍ പിടിയില്‍. ശാന്തന്‍പാറ, രാജാക്കാട് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. രാജാക്കാട് സ്വദേശി സുധാകരന്‍, പൂപ്പാറ സ്വദേശി അമല്‍ തങ്കച്ചന്‍, ചിന്നക്കനാല്‍ സ്വദേശി ശരവണന്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇതില്‍ രാജാക്കാട് എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി കരാര്‍ അടിസ്ഥാനത്തില്‍ ഓടിയിരുന്ന ടാക്‌സി വാഹനത്തിന്റെ ഡ്രൈവറാണ് സുധാകരന്‍. അമല്‍ തങ്കച്ചന്‍ അണ്‍ എയ്ഡഡ് സ്‌കൂളിന്റെയും, ശരവണന്‍ എയ്ഡഡ് സ്‌കൂളിന്റെയും ഔദ്യോഗിക ബസ് ഡ്രൈവര്‍മാരാണ്. രാവിലെ കുട്ടികളുമായി സ്‌കൂളിലേക്ക് പോകുന്ന സമയത്തായിരുന്നു പോലീസിന്റെ പരിശോധന.
അറസ്റ്റ് ചെയ്ത മൂന്ന് പേരെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചെങ്കിലും കടുത്ത നടപടികളിലേക്കാണ് പോലീസ് കടക്കുന്നത്. മദ്യപിച്ച് വാഹനം ഓടിച്ച് കുട്ടികളുടെ ജീവന് ഭീഷണിയുയര്‍ത്തിയ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് കര്‍ശന ശുപാര്‍ശ നല്‍കുമെന്ന് മൂന്നാര്‍ ഡിവൈഎസ്പി വ്യക്തമാക്കി. വിദ്യാലയ അധികൃതരുടെ ഭാഗത്തുനിന്നും ഇത്തരം ഡ്രൈവര്‍മാര്‍ക്കെതിരെ കടുത്ത നിരീക്ഷണം വേണമെന്നാണ് രക്ഷിതാക്കളുടെയും ആവശ്യം.





