ഉപ്പുതറ സെന്റ് : മേരീസ് പള്ളിയിലെ എട്ടുനോമ്പു തിരുന്നാളിന് ഇന്ന് കൊടിയേറും
ഹൈറേഞ്ചിന്റെ മാതൃ ദൈവാലയവും, മരിയൻ തീർത്ഥാടന കേന്ദ്രവുമായ ഉപ്പുതറ സെന്റ്. മേരീസ് ഫൊറോനാ പള്ളിയിലെ എട്ടുനോമ്പു തിരുന്നാളിന് ഇന്ന് കൊടിയേറും. തിരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ഉപ്പുതറ ടൗൺ കുരിശു പള്ളിയിൽ നിന്നും, വി. യൂദാ തദ്ദേവൂസ് കുരിശു പള്ളിയിൽ നിന്നും ഇടവകാംഗങ്ങൾ, ജപമാല പ്രദക്ഷിണമായി ഇന്ന് വൈകുന്നേരം പള്ളിയിൽ എത്തിച്ചേരുന്നതിനെ തുടർന്ന് വൈകുന്നേരം 4.30 -ന് ഫൊറോനാ വികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ കൊടിയേറ്റു കർമ്മം നിർവ്വഹിക്കും. തുടർന്ന് ഫാ. ജോൺസൺ പന്തലാനിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ വി. കുർബാന അർപ്പിക്കും.
എട്ടുനോമ്പു തിരുന്നാളിന്റെ എല്ലാ ദിവസങ്ങളിലും, വൈകുന്നേരം 4.30 ന് ദിവ്യകാരുണ്യ ആരാധനയും, തുടർന്ന് 5.00 ന് വി. കുർബാനയും, വചനപ്രഘോഷണവും ഉണ്ടായിരിക്കും. അതിനു ശേഷം ആഘോഷമായ ജപമാല പ്രദക്ഷിണവും നടക്കും. വൈകുന്നേരത്തെ തിരുക്കർമ്മങ്ങൾക്കു ശേഷം നേർച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്.
എട്ടുനോമ്പു തിരുനാളിനോടനുബന്ധിച്ച് സെപ്റ്റംബർ 2, ശനിയാഴ്ച ഹൈറേഞ്ച് മേഖലയിലെ കട്ടപ്പന, കുമളി, അണക്കര , മുണ്ടിയെരുമ, ഉപ്പുതറ എന്നീ അഞ്ചു ഫൊറോനകളിൽ നിന്നുള്ള ആയിരക്കണക്കിന് ചെറുപുഷ്പ മിഷൻലീഗ് അംഗങ്ങൾ അണിനിരക്കുന്ന മരിയൻ റാലി നടക്കും. രാവിലെ 9.45 ന് ഉപ്പുതറ ക്വാർട്ടേഴ്സ് ജംഗ്ഷനിലുള്ള വി. യൂദാ തദ്ദേവൂസ് കപ്പേളയങ്കണത്തിൽ നിന്നുമാണ് മരിയൻ റാലി ആരംഭിക്കുന്നത്. തുടർന്ന് 11.00 മണിക്ക് കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ തീർത്ഥാടകർക്കൊപ്പം വി. കുർബാന അർപ്പിച്ച് വചനപ്രഘേക്ഷണം നടത്തും. തുടർന്ന് തീർത്ഥാടകർക്കായി നേർച്ച കഞ്ഞി വിതരണവും ഉണ്ടാകും.
സെപ്റ്റംബർ 3, ഞായറാഴ്ച കാഞ്ഞിരപ്പള്ളി രൂപതയിലെ SMYM പ്രവർത്തകർ അണിനിരക്കുന്ന മരിയൻ റാലി ഉപ്പുതറ പള്ളിയിലെത്തിച്ചേരും. അന്നേദിവസം ഉച്ച കഴിഞ്ഞ് 3.00 -ന് പരപ്പിൽ നിന്നുമാണ് യുവജന പ്രവർത്തകരുടെ മരിയൻ റാലി ആരംഭിക്കുന്നത്. തുടർന്ന് ഉപ്പുതറ സെന്റ്. മേരീസ് ഫൊറോനാ പള്ളിയിൽ SMYM കാഞ്ഞിരപ്പള്ളി രൂപതാ ഡയറക്ടർ റവ. ഫാ. വർഗ്ഗീസ് കൊച്ചു പുരക്കൽ വി. കുർബാനയർപ്പിച്ച് വചന പ്രഘോഷണം നടത്തും.
എട്ടുനോമ്പു തിരുന്നാളിനോട് അനുബന്ധിച്ച്, വിവിധ പ്രദേശങ്ങളിൽ നിന്നായി ഹൈറേഞ്ചിന്റെ മാതൃ ദൈവാലയമായ ഉപ്പുതറ സെന്റ്.മേരീസ് ഫൊറോനാ പള്ളിയിലെത്തിച്ചേരുന്ന തീർത്ഥാടകർക്കായി എല്ലാ സൗകര്യങ്ങളും ക്രമീകരിച്ചു കഴിഞ്ഞു. നേർച്ച കാഴ്ചകൾ സമർപ്പിക്കുന്നതിനും , നേർച്ചക്കഞ്ഞി വിതരണത്തിനുമുള്ള ക്രമീകരണങ്ങളും പൂർത്തിയായിക്കഴിഞ്ഞതായി ഭാരവാഹികളായ,
റവ. ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ ( ഫൊറോനാ വികാരി),ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ ( അസി. വികാരി ),ജോയി താഴത്തുപറമ്പിൽ ( ട്രസ്റ്റി ),വിൻസെന്റ് കല്ലാനിക്കാട്ട് ( ജനറൽ കൺവീനർ),സജിൻ സ്കറിയ ചെരിപുറം ( പബ്ളിസിറ്റി കമ്മറ്റി കൺവീനർ) എന്നിവർ അറിയിച്ചു.