പാൽക്കുളംമേട് വെള്ളച്ചാട്ടത്തിന്റെ താഴ് വാരത്തേക്ക് കൂടുതൽ സഞ്ചാരികളെ എത്തിക്കുന്നതിന് പ്രയോജനപ്പെടും വിധം റോഡും പാലവും നിർമ്മിക്കുമെന്ന് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസി തോമസ്
കഞ്ഞിക്കുഴി വാഴത്തോപ്പ് പഞ്ചായത്തുകളായി വ്യാപിച്ചുകിടക്കുന്ന പാൽക്കുളംമേട് സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ്. ജൂൺമാസം മുതൽ ഡിസംബർ വരെ പാൽക്കുളം മലയുടെ മുകളിൽ നിന്ന് താഴേക്ക് പതിക്കുന്ന അരുവി ആരെയും ആകർഷിക്കുന്നതാണ്. ഈ വെള്ളച്ചാട്ടത്തിന്റെ താഴ് വാരത്ത് കൂടി ഒരു റോഡ് പോകുന്നുണ്ടെങ്കിലും ചെറു വാഹനങ്ങൾക്ക് മാത്രമാണ് അതിലൂടെ കടന്നുപോകാൻ സാധിക്കൂ.
ഈ സാഹചര്യത്തിൽ വെള്ളച്ചാട്ടത്തിന് താഴെ പാലവും വരും വർഷങ്ങളിൽ റോഡും നിർമ്മിക്കുമെന്ന് ആൻസി തോമസ് പ്രഖ്യാപിച്ചു.ടൂറിസം വികസനത്തിന്റെ ആദ്യപടിയായി സ്വകാര്യ സംരംഭകർ അടുത്തിടെ പ്രദേശത്ത് റിസോർട്ടുകൾ ഉൾപ്പെടെ ആരംഭിച്ചിരുന്നു. റോഡ് യാഥാർത്ഥ്യമായാൽ പ്രദേശത്തെ നിരവധി കുടുംബങ്ങൾക്കും ഇത് ഗുണം ചെയ്യും. തകർന്നുപോയ കേരള സാമ്പത്തിക സാഹചര്യത്തെ തിരികെ കൊണ്ട് വരുവാൻ ടൂറിസ വികസനത്തിനം കൊണ്ട് മാത്രമെ സാധിക്കുകയുള്ളൂ എന്നും ആൻസി തോമസ് വ്യക്തമാക്കി.