ഇടുക്കി ഡാം സന്ദര്‍ശിക്കാം; മെയ് 31 വരെ
വേനലവധിക്കാലം പരിഗണിച്ച്, നിബന്ധനകള്‍ക്ക് വിധേയമായി ഇടുക്കി, ചെറുതോണി ഡാമുകള്‍ പൊതുജനങ്ങള്‍ക്ക് മെയ് 31 വരെ സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അണക്കെട്ടുകളില്‍ അറ്റകുറ്റപ്പണികളും, കാലവര്‍ഷാരംഭത്തിന് മുമ്പ് അണക്കെട്ടിന്റെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമായ പൂര്‍ത്തീകരിക്കേണ്ട ജോലികളും നടന്നുവരികയാണ്. ജോലികള്‍ക്ക് തടസം ഉണ്ടാകാത്ത തരത്തില്‍ പൊതുജനങ്ങള്‍ക്ക് കാല്‍നടയായി മാത്രമേ സന്ദര്‍ശനം അനുവദിക്കൂ. വേനലവധിക്കാലം പ്രമാണിച്ച് എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഹൈഡല്‍ ടൂറിസം അധികാരികള്‍ കര്‍ശനമായി ഉറപ്പാക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി ബഗ്ഗി കാര്‍ ഗതാഗതം ഒഴിവാക്കി.
വൈദ്യുതി ബോര്‍ഡും സര്‍ക്കാരും നിര്‍ദേശിക്കുന്ന സുരക്ഷാ നടപടികളും നിയന്ത്രണങ്ങളും പാലിച്ച് ഇടുക്കി ആര്‍ച്ച് ഡാമില്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് ആവശ്യമായ അനുമതി നല്‍കണമെന്ന് കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ ഡയറക്ടര്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. നിബന്ധനകള്‍ പാലിച്ച് ഇടുക്കി, ചെറുതോണി ഡാമുകള്‍ മെയ് 30 വരെ പൊതുജനങ്ങള്‍ക്ക് നടന്ന് കാണുന്നതിന് അനുമതി നല്‍കാവുന്നതാണെന്നും, സന്ദര്‍ശനത്തിനെത്തുന്ന വിനോദഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കൂടി ഹൈഡല്‍ ടൂറിസം വകുപ്പിന് നിര്‍ദ്ദേശം നല്കണമെന്നും ഇടുക്കി ജില്ലാ കളക്ടറുടെ ഓഫീസില്‍ നിന്നും അറിയിച്ചിരുന്നു. ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷമാണ് സര്‍ക്കാര്‍ ഡാമുകള്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കുന്നതിനായി അനുമതി നല്‍കിയത്.
ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും, ശക്തമായ മഴയ്ക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പുകള്‍ (റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍) നിലനില്‍ക്കുന്ന അവസരത്തിലും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വിനോദ സഞ്ചാരത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ദിവസങ്ങളിലും ഒഴികെ ഡാമില്‍ നിലവില്‍ നടക്കുന്ന അറ്റകുറ്റപ്പണിക്ക് തടസം വരാത്ത രീതിയില്‍ സന്ദര്‍ശനാനുമതിയുണ്ട്.നേരത്തെ ഡിസംബര്‍ 31 വരെ അണക്കെട്ടുകളില്‍ പ്രവേശനം അനുവദിച്ചിരുന്നു.





