ഇടുക്കി മേലെ ചെമ്മണ്ണാറിൽ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു ;ഉടുമ്പൻചോല സ്വദേശി സിനു ആണ് മരിച്ചത്.മൂന്ന് പേർക്ക് പരുക്ക്
ഇടുക്കി മേലെ ചെമ്മണ്ണാറിൽ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു.മൂന്ന് പേർക്ക് പരുക്ക്.ഉടുമ്പൻചോല സ്വദേശി സിനു ആണ് മരിച്ചത്.കഴിഞ്ഞ രാത്രി 9 മണിയോടെയായിരുന്നു അപകടം.
വട്ടപ്പാറ ഭാഗത്ത് നിന്നും ഉടുമ്പൻചോല ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പ് കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽ പെടുകയായിരുന്നു.
മേലെ ചെമ്മണ്ണാർ ജംഗ്ഷനിലെ സെന്റ്. മേരിസ് യാക്കോബായ പള്ളിയുടെ ചാപ്പലിന്റെ നേർച്ചപ്പെട്ടി ഇടിച്ചു തെറിപ്പിച്ചു സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലൂടെ വാഹനം താഴേക്ക് പതിച്ചു.വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിനുവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.വാഹനത്തിൽ നിന്നും തെറിച്ചു വീണ സിനുവിന്റെ ദേഹത്തൂടെ ജീപ്പ് കയറി ഇറങ്ങിയതായാണ് വിവരം.





