ഓണ വിഭവങ്ങൾക്കായി ഓണ ചന്ത ഒരുക്കി ഉപ്പുതറ കൃഷി ഭവൻ. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.റ്റി മനോജ് ഉത്ഘാടനം നിർവ്വഹിച്ചു
ഉപ്പുതറ കൃഷിഭവന്റെ നേതൃത്വത്തിൽ ഓണച്ചന്ത പ്രവർത്തനം ആരംഭിച്ചു .കട്ടപ്പന ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി. മനോജ് ഓണച്ചന്തയുടെ ഉത്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ.ജെ അധ്യക്ഷത വഹിച്ചു. കൃഷിഭവൻ അങ്കണത്തിലാണ് പൊതുവിപണിയേക്കാൾ വിലക്കുറവിൽ ഓണചന്ത പ്രവർത്തിക്കുന്നത്. കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുന്ന ഉത്പന്നങ്ങൾ ആണ് ഇവിടെ നിന്നും ലഭിക്കുന്നത്. കാർഷിക ക്ഷേമ വകുപ്പിന്റെ സമൃദ്ധിയുടെ ഓണം പദ്ധതിയുടെ ഭാഗമായാണ് ഓണ ചന്ത സംഘടിപ്പിച്ചത്. ഓഗസ്റ്റ് 25 മുതൽ 28 വരെ രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തിക്കുക. പൊതു വിപണിയേക്കാൾ കർഷകരുടെ ഉത്പന്നങ്ങൾക്ക് 10 ശതമാനം വില കൂടുതൽ നല്കി വാങ്ങുകയും 30 ശതമാനം വിലക്കുറവിൽ പച്ചക്കറികൾ വിറ്റഴിക്കുകയുമാണ് ചെയ്യുന്നത്. എല്ലാത്തരം പച്ചക്കറികൾ, കിഴങ്ങ് വർഗ്ഗങ്ങൾ , ഏത്തക്കായ, മറയൂർ ശർക്കര എന്നിവ ഇവിടെ നിന്നും വിലക്കുറവിൽ ലഭിക്കും. കർഷക ചന്തയുടെ പ്രവർത്തനം പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് കൃഷി ഓഫീസർ ധന്യ അഭ്യർത്ഥിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഫ്രാൻസിസ് അറക്കപ്പറമ്പിൽ , സാബു വേങ്ങവേലി, ജെയിംസ് തോക്കൊമ്പിൽ , കൃഷി ഓഫീസർ ധന്യ ജോൺസൺ എന്നിവർ ഉത്ഘാടന യോഗത്തിൽ പ്രസംഗിച്ചു.
കാർഷിക വികസന സമിതി അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.