ശീതകാല പച്ചക്കറികളുടെയും പഴങ്ങളുടെയും നാടായ വട്ടവടയില്‍ സ്‌ട്രോബറി കൃഷിയില്‍ മാതൃകയായി ധാരണിയെന്ന വീട്ടമ്മ. ധാരണിയുടെ കാര്‍ഷിക ജീവിതത്തിന് തണലേകി, കരുത്തു പകര്‍ന്ന് കുടുംബശ്രീയും. അഞ്ച് വര്‍ഷം മുമ്പ് വീട്ടുമുറ്റത്ത് ആരംഭിച്ച ധാരണിയുടെ സ്‌ട്രോബറിത്തോട്ടത്തില്‍ ഇന്ന് ആയിരത്തോളം തൈകളാണ് വിളയുന്നത്.
കുടുംബശ്രീയുടെയും ഹോര്‍ട്ടികോര്‍പ്പിന്റെയുമൊക്കെ ഇടപെടല്‍കൂടിയാണ് ഈ വീട്ടമ്മയ്ക്ക് കാര്‍ഷിക വിജയഗാഥ രചിക്കാന്‍ സഹായകമായത്. ഹോര്‍ട്ടികോര്‍പ്പ് കൃഷിഭവന്‍ മുഖേനയും തൈകള്‍ ലഭ്യമാക്കിയതും കുടുംബശ്രീയില്‍ നിന്ന് ലഭിച്ച സഹകരണവും മേല്‍നോട്ടവുമെല്ലാം കൃഷി നടത്തിപ്പിന് കൂടുതല്‍ കരുത്തേകി. കോവിഡ് കാലത്തെ പ്രതിസന്ധിയെ അതിജീവിച്ചതും കുടുംബശ്രീയുടെ സഹകരണം കൊണ്ടാണെന്നും ഈ സഹകരണമാണ് ഓരോ വര്‍ഷവും കൂടുതല്‍ കരുത്തോടെ കൃഷി ആരംഭിക്കാന്‍ സഹായിക്കുന്നതെന്നും വീട്ടമ്മ പറയുന്നു. കുടുംബശ്രീയുടെ റിവോള്‍വിംഗ് ഫണ്ടായ 10000 രൂപയും കാര്‍ഷിക സഹായമായി ഈ വീട്ടമ്മയ്ക്ക് ലഭിച്ചിരുന്നു.
പൂനയില്‍ നിന്നെത്തുന്ന വിന്റര്‍ ഡോണ്‍, നബിയൂല, ഇനങ്ങളില്‍പ്പെട്ട ഹൈബ്രിഡ് തൈകളാണ്് ഇവിടെ കൃഷി ചെയ്യുന്നത്. ആഗസ്റ്റ് മുതല്‍ നിലമൊരുക്കി, ബെഡ്ഡൊരുക്കി സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തില്‍ കൃഷി ആരംഭിക്കും. സൂര്യപ്രകാശവും വെള്ളവും സ്‌ട്രോബറി കൃഷിയ്ക്ക് പ്രധാനമാണ്. ജൂണ്‍ വരെ മികച്ച വിളവും ലഭിക്കും. വിനോദസഞ്ചാര സീസണുകളില്‍ ഫാം സന്ദര്‍ശനത്തിന് നിരവധി ആളുകളാണ് വട്ടവടയിലെ സ്‌ട്രോബറി തോട്ടങ്ങളില്‍ എത്തുന്നത്. തോട്ടങ്ങളില്‍ നിന്ന് ആളുകള്‍ നേരിട്ട് സ്‌ട്രോബറി ശേഖരിച്ചു മടങ്ങും. ഗുണനിലവാരം അനുസരിച്ച് പഴങ്ങള്‍ക്ക് കിലോയ്ക്ക് 500 രൂപ വരെ വില ലഭിക്കാറുണ്ട്. ഉല്‍പാദനം കൂടുതലുള്ള സമയങ്ങളില്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളായ സ്‌ട്രോബറി പ്രിസര്‍വ്, സ്‌ട്രോബറി ജാം, സ്‌ട്രോബറി സ്‌ക്വാഷ് മുതലായവയും നിര്‍മ്മിക്കുന്നുണ്ട്. പുതിയ സീസണില്‍ കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ വീട്ടമ്മയിപ്പോള്‍. ഭര്‍ത്താവും രണ്ടു മക്കളും അടങ്ങുന്നതാണ് ധാരണിയുടെ കുടുംബം.
വരുന്നു കുടുംബശ്രീയുടെ പുതിയ യൂണിറ്റുകള്‍
വട്ടവടയിലെ സ്‌ട്രോബറി കൃഷിയ്ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനും കുടുംബശ്രീയുടെ സഹകരണത്തോടെ കര്‍ഷകരെ ഉള്‍പ്പെടുത്തി പുതിയ യൂണിറ്റുകള്‍ ആരംഭിക്കാനും പദ്ധതിയൊരുങ്ങുന്നു. കുടുംബശ്രീകളുടെ വാല്യൂ അഡീഷണല്‍ ഗ്രൂപ്പുകളായി രൂപീകരിച്ച് കൂടുതല്‍ ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുകയാണ് ലക്ഷ്യം. പഴങ്ങള്‍ക്ക് പുറമേ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളായ ജാം, സ്‌ക്വാഷ് തുടങ്ങി വിവിധ ഉല്‍പന്നങ്ങള്‍ പൊതുമാര്‍ക്കറ്റുകളില്‍ എത്തിക്കാന്‍ ഇതുവഴി സാധിക്കും. മറ്റ് വകുപ്പുകളെക്കൂടി ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് സഹായങ്ങള്‍ കണ്ടെത്തി നല്‍കാനും കൃഷിയുടെ ഓരോഘട്ടത്തിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനുമൊക്കെ കുടുംബശ്രീ പ്രവര്‍ത്തകര്‍ കൃത്യമായ ഇടവേളകളില്‍ കൃഷിയിടങ്ങളിലെത്തി കര്‍ഷകരുമായി കൂടികാഴ്ചയും നടത്തുന്നുണ്ട്.