ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്: പീരുമേട് എംഎൽഎ വാഴൂർ സോമൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് എം.എൽ എ ഓഫിസിലേക്ക് മാർച്ച് നടത്തി
പീരുമേട് എംഎൽഎ വാഴൂർ സോമന്റെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിവരുന്ന സാമ്പത്തിക തട്ടിപ്പുകളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പീരുമേട് എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി.
സർക്കാർ ജോലി വാഗ്ദാനം നൽകി എലപ്പാറ സ്വദേശിയുടെ പക്കൽ നിന്നും മൂന്ന് ലക്ഷം രൂപ വാഴൂർ സോമന്റെ പേഴ്സണൽ സ്റ്റാഫും സി.പി.ഐ നേതാവും ചേർന്ന് കൈപ്പറ്റിയെന്നാണ് ആരോപണം.പേഴ്സണൽ സ്റ്റാഫിനെ സംരക്ഷിക്കുന്നതിലൂടെ എം.എൽ.എ യുടെയും സി.പി.ഐ നേതാക്കളുടെയും കൂട്ടുകച്ചവടം പകൽ പോലെ വ്യക്തമായിരിക്കുകയാണെന്ന് ഡി.സി.സി സെക്രട്ടറി അഡ്വ. സിറിയക് തോമസ് പറഞ്ഞു. പീരുമേട്ടിലെ പാവപ്പെട്ട ജനതയെ വഞ്ചിക്കുന്ന നിലപാട് കൈകൊള്ളുന്ന എം.എൽ.എ രാജിവെച്ച് പൊതു സമൂഹത്തോട് മാപ്പുപറയണമെന്നും പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത സിറിയക് തോമസ് ആവശ്യപ്പെട്ടു. പീരുമേട് ആശുപത്രി കവലയിൽ നിന്നാരംഭിച്ച യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ മാർച്ച് എം.എൽ.എ ഓഫിസിന് സമീപം ബാരിക്കേഡ് ഉപയോഗിച്ച് പോലിസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി . എം.എൽ.എ ഓഫിസിന് സമീപം സമാന്തര പി എസ്.സി ഓഫീസ് എന്ന ബോർഡ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ സ്ഥാപിച്ചു.
യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യാ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ബെന്നി പെരുവന്താനം,അഡ്വ. അരുൺ പൊടിപാറ, ഷാഹുൽ ഹമീദ്, പി.കെ രാജൻ, നിക്സൺ ജോർജ് , റോബിൻ കാരക്കാട്ടിൽ, ജോർജ് ജോസഫ് ,ടോണി തോമസ്, മനോജ് രാജൻ, എബിൻ കുഴിവേലി, ആൽവിൻ ഫിലിപ്പ്,ടിബിൻ നടയ്ക്കൽ, ഒ.എസ് ഉമർ ഫറൂഖ് , അനീഷ് സി.കെ, യൂസഫ് താന്നിമൂട്ടിൽ, കാജ പാമ്പനാർ എന്നിവർ സംസാരിച്ചു.