ഇടുക്കിയിലെ സിപിഎം പാര്‍ട്ടി ഓഫീസുകളുടെ നിര്‍മാണം നിര്‍ത്തി വയ്ക്കാൻ ഹൈക്കോടതി നിര്‍ദേശം
ഉടുമ്പൻചോല, ബൈസണ്‍വാലി, ശാന്തൻപാറ എന്നിവിടങ്ങളിലെ സി.പി.ഐ.എം ഓഫീസുകളുടെ നിര്‍മാണം അടിന്തരമായി നിര്‍ത്തിവയ്ക്കാനാണ് ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നിര്‍ദേശം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാൻ ആവശ്യമെങ്കില്‍ കലക്ടര്‍ക്ക് പൊലീസ് സംരക്ഷണം തേടാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. ആവശ്യമായ സംരക്ഷണം നല്‍കാൻ ജില്ലാ പൊലീസ് മേധാവിക്കും കോടതി നിര്‍ദേശം നല്‍കി. ശാന്തൻപാറയിലെ ഓഫീസ് നിര്‍മാണത്തില്‍ വ്യാപക ക്രമക്കേട് ഉണ്ടെന്നാരോപിച്ച് കോണ്‍ഗ്രസ് നേരത്തേ രംഗത്തെത്തിയിരുന്നു.
കെട്ടിടങ്ങളുടെ നിര്‍മാണം എൻഒസി ഇല്ലാതെയാണ് നടത്തിയിട്ടുള്ളത് എന്നായിരുന്നു കളക്ടറുടെ കണ്ടെത്തലും. ഇതനുസരിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോയും നല്‍കി. എന്നാല്‍ ഇതിന് ശേഷവും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരുകയും ദേശീയമാധ്യമങ്ങള്‍ ഉള്‍പ്പടെ ഇത് ചര്‍ച്ച ചെയ്യുകയും ചെയ്തു. ഈ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മൂന്നാറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേകം രൂപീകരിച്ച ബെഞ്ച് അടിയന്തരമായി നിര്‍മാണം നിര്‍ത്തി വയ്ക്കണമെന്ന് നിര്‍ദേശം നല്‍കിയത്.