തമിഴ്നാട്ടിലെ തെളിവെടുപ്പിനിടയിൽ എസ്.ഐ.യെ ആക്രമിച്ച് മറയൂർ മോഷണക്കേസിലെ പ്രതി രക്ഷപ്പെട്ടു: രക്ഷപെട്ടത് കൊടും കുറ്റവാളി
ഇടുക്കി മറയൂരിൽ മോഷണകേസിലെ പ്രതി തെളിവെടുപ്പിനിടെ രക്ഷപ്പെട്ടു. തമിഴ്നാട് തെങ്കാശി കടയം സ്വദേശി ബാലമുരുകനാണ് രക്ഷപ്പെട്ടത്. ദിണ്ടുക്കൽ - കൊടൈറോഡിൽ വെച്ച് മൂത്രമൊഴിക്കാനെന്ന വ്യാജേന പുറത്തിറങ്ങി എസ്ഐയെ ആക്രമിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. ബാലമുരുകൻ തമിഴ്നാട്ടിൽ അടക്കം 53ഓളം കേസുകളിൽ പ്രതിയാണ്. റിമാന്റിലായിരുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെങ്കാശിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം തിരികെ പോരുന്നതിനിടെയാണ് രക്ഷപ്പെട്ടത്. മറയൂർ പോലീസ് എസ്.ഐ. പി.ജി. അശോക് കുമാറിനാണ് പരിക്കേറ്റത്. തമിഴ്നാട് പോലീസിെൻറ സഹായത്തോടെ കേരള പോലീസിൻറ പ്രത്യേക സംഘം പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു.
കേരളത്തിൽനിന്ന് പ്രത്യേക സംഘം പ്രതിയെ കണ്ടെത്താൻ തമിഴ്നാട്ടിൽ എത്തിയിട്ടുണ്ട്. തെളിവെടുപ്പിനായി ബാലമുരുകനെ തിരുനെൽവേലി, നെയ്‌വേലി ഭാഗങ്ങളിൽ കൊണ്ടുപോയി തിരിച്ചുവരുംവഴിയാണ് രക്ഷപ്പെട്ടത്. ദിണ്ഡുക്കൽ ജില്ല കൊടൈ റോഡ് ടോൾഗേറ്റിന് സമീപം വെച്ച് പ്രതി ശൗചാലയത്തിൽ പോകണമെന്നാവശ്യപ്പെട്ടു.
വലതുകൈയിലെ കൈവിലങ്ങ് ഊരിയ ശേഷം ശൗചാലയത്തിൽ കയറിയ പ്രതി തിരിച്ച് ഇറങ്ങി വരവെ കൈവിലങ്ങ് ഇടാൻ ശ്രമിച്ച എസ്.ഐ. അശോക് കുമാറിനെ തള്ളി താഴെയിട്ടശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസ് പ്രതിയുടെ പിറകെ പാഞ്ഞെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. തമിഴ്നാട്ടിൽ കൊടും കുറ്റവാളികളെ ചങ്ങലയിട്ടാണ് തെളിവെടുപ്പിന് കൊണ്ടുപോകുന്നത്. എന്നാൽ, കേരളത്തിൽ ഇത് മനുഷ്യാവകാശ ലംഘനമാകും.